ന്യൂദല്‍ഹി- സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്ക് നടത്തിയ പരീക്ഷയുടെ ഫലം മേയ് മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്നും മേയ് മൂന്നാം വാരത്തില്‍ തന്നെയാണ് റിസള്‍ട്ടിനു സാധ്യതയെന്നും സി.ബി.എസ്.ഇ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 15 ന് ആരംഭിച്ച സി.ബി.എസ്.ഇ 12 ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനാണ് അവസാനിച്ചത്. ഫെബ്രുവരി 21 നു തുടങ്ങിയ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 29 ന് തീര്‍ന്നിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന പ്രചാരണം സി.ബി.എസ്.ഇ അധികൃതര്‍ നിഷേധിച്ചു. ഇത് വ്യാജ വാര്‍ത്തയാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. വാട്‌സാപ്പ് ഉള്‍പ്പെടയുളള സമൂഹ മാധ്യമങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.
എക്‌സാമിനേഷന്‍ മുന്‍ കണ്‍ട്രോളര്‍ കെ.കെ. ചൗധരി മാര്‍ച്ച് 28-ന് ഒപ്പിട്ടതായുള്ള വ്യാജ അറിയിപ്പാണ് വാട്‌സാപ്പില്‍ വ്യാപകമായി പടര്‍ന്നത്. വ്യാജ അറിയിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും യഥാര്‍ഥ വിവരങ്ങള്‍ ബോര്‍ഡില്‍നിന്ന് തേടണമെന്നും പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും സി.ബി.എസ്.ഇ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.