പൊള്ളാച്ചി- തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിനെതിരെ മുന്‍ പാര്‍ട്ടി നേതാവ് ടിടിവി ദിനകരന്‍. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ അദ്ദേഹത്തിന്റെ ഡാഡിയോ വിചാരിച്ചാലും സാധിക്കില്ലെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയ്ക്കു ശേഷം അണ്ണാ ഡിഎംകെയുടെ ഡാഡിയാണ് ബിജെപി എന്ന തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി ഈയിടെ പറഞ്ഞിരുന്നു. ഈ വിശേഷണത്തെ പരിഹസിച്ചാണ് ദിനകരന്‍ മോഡിയേയും ഡാഡിയേയും പരാമര്‍ശിച്ചത്.
18 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അണ്ണാ ഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കും കടുത്ത വെല്ലുവിളിയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിനകരനെ അനുകൂലിക്കുകയും അണ്ണാ ഡിഎംകെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഗവര്‍ണര്‍ക്ക്് കത്തു നല്‍കുകയും ചെയ്ത 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി അയോഗ്യരാക്കിയതിനെ തുര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്്. ദിനകരന്‍ എഎംഎംകെ എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ ജയലളിതയുടെ മണ്ഡലമായി ആര്‍ കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ പരാജയപ്പെടുത്തി മിന്നുന്ന ജയം നേടിയ ദിനകരന്‍ ഈ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തലവേദനയാണ്.