ചെന്നൈ- അശ്ലീലവും അനുചിതവുമായ കണ്ടന്റ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജനപ്രിയ ആപ്പായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ടിക് ടോക്കില്‍ വരുന്ന വിഡിയോകള്‍ പുറത്തുവിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. ടിക് ടോക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്ന് രണ്ടു മാസം മുമ്പ് തമിഴ്‌നാട് ഐടി മന്ത്രി എം. മണികണ്ഠന്‍ പറഞ്ഞിരുന്നു. ഈ ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌ക്കാരത്തിന് നിരയ്ക്കാത്ത വിഡിയോകളാണ് ഈ ആപ്പില്‍ പ്രചരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത് അപകടകരമായ പ്രശ്‌നമാണെന്ന് ജസ്റ്റിസ് എന്‍ കിരുബാകരന്‍, ജസ്റ്റിസ് എസ്. എസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിശേഷിപ്പിച്ചു.
ചൈനീസ് ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 104 മില്യന്‍ യുസര്‍മാരുണ്ട്. ഇന്തൊനേഷ്യയും ബംഗ്ലദേശും നേരത്ത് ഈ ആപ്പ് നിരോധിച്ചതും യുഎസില്‍ കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടി. സമാന നടപടി ഇന്ത്യയിലും ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി.