ജമ്മു- സുരക്ഷാ സേനക്ക് അധികാരങ്ങള്‍ നല്‍കുന്ന അഫസ്പയില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അതിര്‍ത്തി കാക്കുന്ന സുരക്ഷാ സേനക്കു പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. അഫസ്പ ദുര്‍ബലമാക്കാമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ കുറ്റും ഒഴിവാക്കാമെന്നുമുള്ള കോണ്‍ഗ്രസിന്റെ സ്വപ്‌നം ഒഴിവാക്കുന്നതാണ് നല്ലതെന്നും ഉദ്ദംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. സുരക്ഷ സേനക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന അഫസ്പ പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
അഫസ്പ പിന്‍വലിക്കുന്നതിന് സമ്മര്‍ദം ഏറിയപ്പോഴാണ് ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങിയതെന്നും അമത് ഷാ അവകാശപ്പെട്ടു.
ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ പരാമര്‍ശത്തേയും ബി.ജെ.പി പ്രസിഡന്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താനുള്ള ഏതു നീക്കത്തെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ നല്‍കി ചെറുക്കുമെന്നും അമിത് ഷാ പറഞ്ഞു.