ബ്രൂണെയില്‍ വ്യഭിചാരത്തിനും പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ക്കും വധശിക്ഷ പ്രാബല്യത്തില്‍
ബന്ദര്‍ സിരി ബെഗവാന്‍- വ്യഭിചാരത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതക്കും വധശിക്ഷ ഏര്‍പ്പെടുത്തി ബ്രൂണെയില്‍ ക്രിമിനല്‍ ശിക്ഷാ നിയമം പരിഷ്‌കരിച്ചു. കല്ലെറിഞ്ഞുള്ള വധശിക്ഷക്കു പുറമെ, മോഷണത്തിന് കൈ വെട്ടുന്നതുള്‍പ്പെടെയുള്ള ശിക്ഷകളും ബുധനാഴ്ച പ്രാബല്യത്തില്‍വന്ന ശിക്ഷാ നിയമത്തിലുണ്ട്. ബ്രൂണെയിലെ സ്വവര്‍ഗ ലൈംഗിക സമൂഹത്തെ ഞെട്ടിച്ചിരിക്കയാണ് ബ്രൂണെ സുല്‍ത്താന്റെ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വവര്‍ഗരതിക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായി.
ശക്തമായ ഇസ്്‌ലാമിക അധ്യാപനങ്ങള്‍ രാജ്യത്ത് അനിവാര്യമാണെന്ന് ബ്രൂണെ സുല്‍ത്താന്‍ ഹസനുല്‍ ബൊല്‍ക്കൈ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. രാജ്യത്ത് ഇസ്്‌ലാമിക നിയമങ്ങളും അധ്യാപനങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രൂണെയില്‍ നിലവില്‍ സ്വവര്‍ഗ ലൈംഗികത പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇസ്്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ശിക്ഷ മുസ്്‌ലിംകള്‍ക്കാണ് ബാധകമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 4,20,000 വരുന്ന ബ്രൂണെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും മുസ്്‌ലിംകളാണ്. ബ്രൂണെയില്‍ വധശിക്ഷയുണ്ടെങ്കിലും 1957 നു ശേഷം ആര്‍ക്കും നടപ്പാക്കിയിട്ടില്ല.
പ്രായപൂര്‍ത്തിയായ മുസ്്‌ലിംകള്‍ക്കാണ് നിയമത്തിലെ ഭൂരിഭാഗവും ബാധകമെങ്കിലും ചില വ്യവസ്ഥകള്‍ മുസ്്‌ലിംകളല്ലാത്തവര്‍ക്കും ബാധകമാണ്. കുറ്റം സമ്മതിച്ചാലോ സാക്ഷികളുണ്ടെങ്കിലോ മാത്രമാണ് വ്യക്തികളെ കുറ്റക്കാരെന്ന് വിധിക്കുക. ബലാത്സംഗം, വ്യഭിചാരം, പ്രകൃതി വിരുദ്ധ ലൈംഗികത, കവര്‍ച്ച, പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പരമാവധി വധശിക്ഷ. സ്വവര്‍ഗ രതിക്ക് 40 ചാട്ടയടി മുതല്‍ പത്ത് വര്‍ഷം ജയില്‍വരെ വ്യവസ്ഥ ചെയ്യുന്നു. കൈ ഛേദിക്കുകയാണ് മോഷണത്തിന്റെ പരമാവധി ശിക്ഷ. 18 വയസ്സിനു താഴെയുള്ള മുസ്്‌ലിം കുട്ടികളെ ഇസ്്‌ലാമല്ലാത്ത മറ്റു മാതാധ്യാപനങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചാല്‍ തടവും പിഴയും ശിക്ഷ വിധിക്കും.
വ്യാപക പ്രതിഷേധത്തിനിടയില്‍ 2014 ലാണ് ബ്രൂണെയില്‍ ആദ്യമായി ശരീഅ നിയമം നടപ്പിലാക്കിയത്. ശരീഅ നിയമവും സാധാരണ നിയമവും പ്രാബല്യത്തിലുള്ള ഇരട്ട നിയമ സമ്പ്രദായമാണ് നടപ്പിലാക്കിയിരുന്നത്. പുതിയ ശിക്ഷാ നിമയമങ്ങള്‍ വര്‍ഷങ്ങളെടുത്ത് ഘട്ടംഘട്ടമായി മാത്രമേ പൂര്‍ണമായി നടപ്പിലാക്കൂയെന്ന് അന്ന് സുല്‍ത്താന്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെട്ട ആദ്യഘട്ടം 2014 ലാണ് പ്രാബല്യത്തില്‍ വന്നിരുന്നത്. കല്ലെറിഞ്ഞുള്ള വധശിക്ഷയും കരഛേദവുമടക്കമുള്ള ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു ഘട്ടങ്ങള്‍ നീട്ടിവെച്ചതായിരുന്നു.
ശരീഅ ശിക്ഷാ നിയമം ബുധനാഴ്ച മുതല്‍ പൂര്‍ണതോതില്‍ പ്രാബല്യത്തില്‍വരുമെന്ന അറിയിപ്പ് കഴിഞ്ഞ ശനിയാഴ്ച ബ്രൂണെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായി.
ബ്രൂണെ സമ്പദ്ഘടന ദുര്‍ബലമാകുകയാണെന്നും പ്രതിഷേധം തടയാനാണ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മുസ്്‌ലിം ലോകത്തുനിന്ന് കൂടുതല്‍ നിക്ഷേപവും ടൂറിസ്റ്റുകളേയും ആകര്‍ഷിക്കുകയാണ് തന്ത്രമെന്നാണ് മറ്റൊരു നിരീക്ഷണം.
അതിനിടെ, ബ്രൂണെ സുല്‍ത്താന്റെ ഉടമസ്ഥതയില്‍ വിദേശ രാജ്യങ്ങളിലുള്ള ആഡംബര ഹോട്ടലുകളും മറ്റും ബഹിഷ്‌കരിക്കാന്‍ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തുവന്നു. അമേരിക്ക, യു.കെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലുള്ള ബ്രൂണെ സുല്‍ത്താന്റെ ഹോട്ടലുകളുടെ പേരുകള്‍ സഹിതമാണ് ബഹിഷ്‌കരണ ആഹ്വാനം.