Sorry, you need to enable JavaScript to visit this website.

ബിഎസ്എന്‍എല്‍ 54,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങുന്നു; തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

ന്യുദല്‍ഹി- റിലയന്‍സിന്റെ ടെലികോ കമ്പനിയായ ജിയോയുടെ കുത്തനെയുള്ള വളര്‍ച്ചയ്ക്കു സമാന്തരമായി നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുനരുദ്ധരിക്കാന്‍ 54,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഈ പിരിച്ചുവിടല്‍ പദ്ധതി കഴിഞ്ഞ മാസം ചേര്‍ന്ന ബിഎസ്എല്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഇതു നടപ്പിലാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കഴിയാന്‍ കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതു തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതമുണ്ടാക്കിയേക്കാം എന്നതിനാലാണ് തീരുമാനം വൈകിക്കുന്നതെന്ന് ടെലികോ മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നു.

ബിഎസ്എന്‍എല്ലിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ 10 നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം ബോര്‍ഡ് യോഗം അംഗീകരിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള വിപുലമായ പദ്ധതി. വിരമിക്കല്‍ പ്രായം വെട്ടിക്കുറക്കല്‍, സ്വയം വിരമിക്കല്‍ പദ്ധതി,  4ജി സ്‌പെക്ട്രം പങ്കുവയ്ക്കല്‍ ത്വരിതപ്പെടുത്തുക എന്നി നിര്‍ദേശങ്ങളാണ് അംഗീകരിച്ചത്. 

സ്വയം വിരമിക്കല്‍ പദ്ധതിയും വിരമിക്കല്‍ പ്രായം വെട്ടിക്കുറക്കലും നടപ്പാക്കിയാല്‍ 54,451 ജീവനക്കാര്‍ പുറത്താകും. 1.74 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എലില്‍ ഉള്ളത്. ഇവരില്‍ 31 ശതമാനത്തിനാണ് പുറത്തു പോകേണ്ടി വരിക. വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 ആയി വെട്ടിക്കുറക്കാനാണു നീക്കം. ഇതിലൂടെ മാത്രം 33,568 ജീവനക്കാരുടെ ജോലി അവസാനിക്കും. ഈ നീക്കങ്ങളിലുടെ കമ്പനിക്ക് അടുത്ത ആറു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 13,895 കോടി രൂപ ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വയം വിരമിക്കല്‍ പദ്ധതി വഴി വര്‍ഷം 1,671 മുതല്‍ 1,921 കോടി രൂപ വരെ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. സ്വയം വിരമിക്കല്‍ പദ്ധതി കമ്പനിക്ക് 13,049 കോടി രൂപയുടെ ചെലവുണ്ടാക്കുകയും ചെയ്യും. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശരാശരി പ്രായം 55നു മുകളിലാണ്.

വളരെ ചുരുങ്ങിയ കാലയളവില്‍ സ്വകാര്യ കമ്പനിയായ ജിയോ കുതിച്ചു വളര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. 2017-18 കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 20 ശതമാനം ഇടിവുണ്ടായി. ഇതേ വര്‍ഷത്തെ നഷ്ടം 7,993 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്.
 

Latest News