അല്‍ജിയേഴ്‌സ്- ആഴ്ചകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അള്‍ജീരിയന്‍ പ്രസിന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീക രാജിവെച്ചു. 20 വര്‍ഷമായി അധികാരത്തിലുള്ള അദ്ദേഹം അഞ്ചാമൂഴം തേടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പ്രക്ഷോഭം തുടരുകയായിരുന്നു.
ബൂതഫ്‌ലീകയുടെ രാജി തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ ജനങ്ങള്‍ ആഘോഷിക്കുകയാണ്. ദേശീയ പതാക വീശിയും വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചും ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ബൂതഫ്‌ലീക മാത്രം രാജിവെച്ചാല്‍ പോരെന്നും കഴിഞ്ഞയാഴ്ച അവസാനം രൂപീകരിച്ച സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ മാറണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ രാജി ചെറുതാണെന്നും വലിയ വിജയം വരാനിരിക്കയാണെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
ആറു വര്‍ഷം മുമ്പ് പക്ഷാഘാതമുണ്ടായതിനുശേഷം ബൂതഫ്‌ലീക പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉടന്‍ രാജിവെക്കണമെന്ന് സൈനിക മേധാവി ലഫ്. ജന. അഹ്മദ് ഗായിദ് സലാഹ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൂതഫ്‌ലീക അധികാരം ഒഴിയുകയാണെന്ന് പ്രഖ്യാപിക്കാന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ഭരണഘടനാ കൗണ്‍സില്‍ പ്രസിഡന്റ് തയിബ് ബെലൈസിന് പ്രസിഡന്റ് ബൂതഫ്‌ലീക രാജി സമര്‍പ്പിക്കുന്ന ദൃശ്യം ഔദ്യോഗിക ടെലവിഷന്‍ സംപ്രേഷണം ചെയ്തു.
മുന്‍ഭരണസംവിധാനം ഇനി ആവശ്യമില്ലെന്നും 100 ശതമാനം ജനാധിപത്യ പരിവര്‍ത്തനമാണ് ആവശ്യമെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രസിഡന്റ് രാജി വെച്ച പശ്ചാത്തലത്തില്‍ അള്‍ജീരിയന്‍ ഭരണഘടന പ്രകാരം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സെനറ്റ് സ്പീക്കറാണ് ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കേണ്ടത്.