Sorry, you need to enable JavaScript to visit this website.

മോഡിക്കു മാത്രമായുള്ള നമോ ടിവി പരസ്യത്തിനെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി തുടങ്ങിയ നമോ ടിവി സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി. ഇത് ലൈസന്‍സുള്ള ചാനല്‍ അല്ലെന്നും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഡിടിഎച് സംവിധാനമാണെന്നുമാണ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മറുപടി. നമോ ടിവി വഴി പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങളുടെ ചെലവ് വഹിക്കുന്നത് ബിജെപി ആണെന്നും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറൂം മോഡിയുടെ തെരഞ്ഞെടുപ്പു പ്രസംഗങ്ങളും പരിപാടികളും പ്രക്ഷേപണം ചെയ്യുന്ന നമോ ടിവി മൂന്ന് ദിവസം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച് 31ന് മോഡിയുടെ മേം ഭി ചൗക്കിദാര്‍ പരിപാടിയുടെ ഒരു മണിക്കൂര്‍ ലൈവ് സംപ്രേഷണം നടത്തിയതു സംബന്ധിച്ച് ദുര്‍ദര്‍ശനില്‍ നിന്നും കമ്മീഷന്‍ മറുപടി തേടിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ചു തുടങ്ങിയ നമോ ടിവി തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയത്. എല്ലാ പാര്‍ട്ടികള്‍ക്കു തുല്യമായ ഇടം സൃഷ്ടിക്കണമെന്ന തത്വത്തിനെതിരാണ് ഈ ചാനലെന്ന് ആംആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും അടിവരയിടുന്ന ഈ തത്വം ലംഘിച്ചാണ് ബിജെപി 24 മണിക്കൂര്‍ ചാനല്‍ തുടങ്ങിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ ചാനലിലൂടെ പുറത്തു വിടുന്ന ഉള്ളടക്കം ആരാണ് നിരീക്ഷിക്കുന്നത്. ഉള്ളടക്കവും ചെലവും സാക്ഷ്യപ്പെടുത്തുന്നതിന് രൂപീകരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അനുമതി ബിജെപി വാങ്ങിയിട്ടുണ്ടോ? എന്തു കൊണ്ടു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്നും ദല്‍ഹി തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആം ആദ്മി പാര്‍ട്ടി ചോദിച്ചു.

നേരത്തെ കണ്ടന്റ് ടിവി എന്നു പേരിട്ട് ഇപ്പോള്‍ നമോ ടിവി എന്ന പേരില്‍ തുടങ്ങിയ ചാനല്‍ പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കും മാത്രമായി നീക്കിവച്ചതിനെതിരെ കോണ്‍ഗ്രസും കമ്മീഷനു പരാതിപ്പെട്ടിട്ടുണ്ട്.
 

Latest News