ചെന്നൈ- നരേന്ദ്ര മോഡി സര്‍ക്കാരിന്റെ റഫാല്‍ അഴിമതിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്നതിനു തൊട്ടുമുമ്പായി തമിഴ്‌നാട് പോലീസ് സംഘമെത്തി പുസ്തകങ്ങള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനമാണെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് ചെന്നൈയിലെ പുസ്തകക്കടയിലെത്തി ഇവ പിടിച്ചെടുത്തത്. ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ നേരത്തെ നിശ്ചിയിച്ചിരുന്ന സ്ഥലത്ത് പരിപാടി നടത്താന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ചെന്നൈയിലെ ഭാരതി പുത്തകാലയം എന്ന പുസ്തകക്കടയില്‍വച്ച് പ്രകാശനം നിശ്ചയിച്ചതായിരുന്നു. സിപിഎമ്മുമായി ബന്ധമുള്ള ഈ കടയിലെത്തിയാണ് ചടങ്ങിന് തൊട്ടുമുമ്പായി പോലീസ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്. പുസ്തക പ്രകാശനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വെള്ളക്കടലാസില്‍ എഴുതി ഒരു കുറിപ്പു മാത്രമാണ് പോലീസ് സംഘം കാണിച്ചത്. ഇതില്‍ ഔദ്യോഗിക സീലോ ഒപ്പോ പതിച്ചിട്ടുണ്ടായിരുന്നില്ല.
പോലീസ് പുസ്തകം പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ വൈറലയാതോടെ ഇത്തരം നടപടിക്ക് തെരഞ്ഞെടുപ്പു കമ്മീഷനോ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ കാര്യാലയമോ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്നൈ ജില്ലാ ഇലക്ടറര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ വ്യക്തമാക്കി.
കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയതോടെ പിടിച്ചെടുത്ത പുസ്തകങ്ങള്‍ പ്രകാശന ചടങ്ങിനു തൊട്ടുമുമ്പായി പോലീസ് തിരികെ എത്തിച്ചു. ഇവിടെ വച്ച് തന്നെ പുസ്തക പ്രകാശനവും നടന്നു. 15 രൂപ വിലയുള്ള റഫാല്‍: രാജ്യത്തെ പിടിച്ചുലച്ച അഴിമതി എന്ന പുസ്തകം എസ് വിജയന്‍ എഴുതിയതാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം ആണ് പ്രകാശനം നിര്‍വഹിച്ചത്. ദി ഹിന്ദുവിലൂടെ റാം പുറത്തു കൊണ്ടു വന്ന റഫാല്‍ അഴിമതി സംബന്ധിച്ച അന്വേഷണ ലേഖനങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.