വരാണസി- ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ഥിയെ കാംപസില്‍ അതിക്രമിച്ചെത്തിയ സംഘം വെടിവെച്ചുകൊന്നു. കാംപസിലെ ഹോസ്റ്റലിനു മുന്നില്‍ രണ്ട് ബൈക്കുകളിലെത്തിയ നാലു പേരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങാണ് (23) കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരേ വെടിയുതിര്‍ത്തത്. യുനിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഗൗരവ് സിങ് മരിച്ചത്. കാംപസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് സിങിനെ യൂനിവേഴ്‌സിറ്റി അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഏതാനും പേരെ കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.