ന്യൂദൽഹി-ഇന്ത്യയിലെ കർഷകൻ ഇനി കണ്ണീരോടെ കാത്തിരുന്നു വിലപിക്കാതിരിക്കാൻ മുൻപുണ്ടായിരുന്ന റെയിൽവേ ബജറ്റിന്റെ മാതൃകയിൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. മത്സ്യബന്ധന മേഖലയ്ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എന്തിന് വേണ്ടിയും കാത്തിരിക്കാം. എന്നാൽ കൃഷിയിൽ കാത്തിരിപ്പില്ല എന്ന നെഹ്‌റുവിന്റെ വാക്കുകളിൽ തന്നെയുണ്ട് ഇന്ത്യ എത്രമാത്രം കൃഷിയെ ആശ്രയിച്ചിരിക്കുന്ന ഒരു രാജ്യമാണെന്നതിന്റെ യഥാർഥ വശം.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബി.ജെ.പി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്ടു പോയി എന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വിമർശിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി കർഷകന് മതിയായ താങ്ങുവില പോലും നിഷേധിക്കപ്പെടുകയാണ്. പണാധിഷ്ഠിത കാർഷിക സാമ്പത്തിക മേഖലയെ നോട്ട് നിരോധനം പാടേ തകർത്തു കളഞ്ഞു. കർഷകന് യന്ത്ര സാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥയായി. കാർഷിക വൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിലയും വർധിച്ചു. കർഷകന്റെ കടം കുന്നുപോലെ പെരുകി. സഹകരണ മേഖല തങ്ങളുടെ നിക്ഷേപങ്ങളിൽ മാറ്റം വരുത്താനാകാത്ത വിധം ഞെരുക്കത്തിലായി. ചുരുക്കത്തിൽ വാണിജ്യം എന്ന വാക്ക് തന്നെ കാർഷിക രംഗത്തിന് എതിരേ നിൽക്കുന്ന അവസ്ഥയിലെത്തിയെന്നും കോൺഗ്രസ് പത്രികയിൽ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിൽ 140 ലക്ഷത്തോളം ആളുകൾ മത്സ്യബന്ധന മേഖലയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടുന്നത്. മത്സ്യബന്ധന മേഖലയ്ക്കും അനുബന്ധ തൊഴിൽ മേഖലയ്ക്കുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നത്. ദേശീയ മത്സ്യത്തൊഴിലാളി കമ്മീഷൻ രൂപീകരിക്കും. മത്സ്യബന്ധന തൊഴിലാളികളുടെ കടബാധ്യത നിവാരണത്തിനു ആവശ്യമായ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ കമ്മീഷന്റെ പരിധിയിലായിരിക്കും. ഉൾനാടൻ മത്സ്യബന്ധനത്തെയും മത്സ്യകൃഷിയെയും മറ്റു കാർഷിക മേഖലയിൽ ലഭിക്കുന്ന എല്ല നേട്ടങ്ങളിലേക്കും പദ്ധതികളിലേക്കും വ്യാപിപ്പിക്കും.
സമുദ്രാതിർത്തി ലംഘനം, സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരത്തിനായി ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായി ചർച്ച ചെയ്ത് സ്ഥിര പരിഹാര മാർഗങ്ങൾ രൂപീകരിക്കുമെന്നും കോൺഗ്രസ് പത്രികയിൽ ഉറപ്പു നൽകുന്നു.
വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകർക്കെതിരേ ക്രിമിനൽ കേസെടുക്കാൻ അനുവദിക്കില്ലെന്നും ഉറപ്പു നൽകുന്നു. കാർഷിക രംഗത്തെ സാർവത്രിക പ്രശ്‌ന പരിഹാരത്തിനും എല്ലാ മേഖലയിലേക്കും നേട്ടങ്ങളെത്തിക്കുന്നതിനും പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും എന്നതാണ് കോൺഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും സുപ്രധാനമായ ഒരു വാഗ്ദാനം.
തൊഴിലുറപ്പ് പദ്ധതിയെ നവീകരിച്ച് കൂടുതൽ കാര്യക്ഷമമായി മറ്റു പദ്ധതികളിലേക്കു കൂടി വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ ദിനങ്ങളുടെ എണ്ണം 150 ദിവസമായി ഉറപ്പു വരുത്തും. ജലാശയങ്ങളുടെ നവീകരണത്തിനും മിച്ചഭൂമി പുനർനവീകരണത്തിനും തൊഴിലുറപ്പ് തൊഴിലാളികളെ ഏർപ്പെടുത്തും. ഗ്രാമീണ മേഖലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കുന്നതിനും ക്ലാസ് റൂം, ലൈബ്രറികൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും തൊഴിലുറപ്പിന്റെ ഭാഗമാക്കും.