Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവുമധികം ലാഭം നേടുന്ന കമ്പനി അറാംകൊ 

റിയാദ് - ലോകത്ത് ഏറ്റവുമധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോക്ക് സ്വന്തം. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ മൂഡിസും ഫിച്ചും ആണ് ലോകത്ത് ഏറ്റവുമധികം ലാഭം ലഭിക്കുന്ന കമ്പനിയായി സൗദി അറാംകോയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം സൗദി അറാംകൊ 11,110 കോടി ഡോളർ അറ്റാദായം നേടി. 2017 ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം 3400 കോടി ഡോളറായിരുന്നു. 
ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണക്കമ്പനികളുടെ ആകെ ലാഭത്തേക്കാൾ കൂടുതൽ ലാഭം സൗദി അറാംകൊ ഒറ്റക്ക് നേടി. കഴിഞ്ഞ വർഷം സൗദി അറാംകൊ ആകെ 35,590 കോടി ഡോളർ വരുമാനം നേടി. കമ്പനിയുടെ ആകെ ലാഭം 22,400 കോടി ഡോളറായിരുന്നു. നികുതികളും വായ്പാ ഇനത്തിലെ പലിശകളും മറ്റു ചെലവുകളും കഴിച്ചുള്ള അറ്റാദായം 11,110 കോടി ഡോളർ ആയിരുന്നു. ലോകത്തെ മുൻനിര പെട്രോളിയം കമ്പനികളായ എക്‌സ്ൺ മൊബിൽ, ചെവ്‌റോൺ, 
ബ്രിട്ടീഷ് പെട്രോളിയം, ടോട്ടൽ, റോയൽ ഡെച്ച് ഷെൽ എന്നീ കമ്പനികൾ കഴിഞ്ഞ വർഷം ആകെ 8000 കോടി ഡോളറാണ് ലാഭം നേടിയത്. ലോകത്തെ മുൻനിര കമ്പനികളായ ആപ്പിൾ കഴിഞ്ഞ വർഷം 5900 കോടി ഡോളറും സാംസംഗ് 3500 കോടി ഡോളറും ജെ.പി മോർഗൻ 3000 കോടി ഡോളറും എക്‌സൺ മൊബിൽ 2000 കോടി ഡോളറുമാണ് വരുമാനം നേടിയത്.
സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷന്റെ (സാബിക്) 70 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് സൗദി അറാംകൊ ആയിരം കോടി ഡോറിന്റെ അന്താരാഷ്ട്ര ബോണ്ടുകൾ പുറത്തിറക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ആഗോള തലത്തിൽ കമ്പനിയുടെ മുൻനിര സ്ഥാനവും സാമ്പത്തിക കെട്ടുറപ്പും വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നത്. ബോണ്ടുകൾ പുറത്തിറക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് അമേരിക്ക, ലണ്ടൻ, ഹോങ്കോംഗ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ വൻകിട നിക്ഷേപകരുമായി ദിവസങ്ങൾക്കുള്ളിൽ സൗദി അറാംകൊ അധികൃതർ കൂടിക്കാഴ്ചകൾ നടത്തും. 
സമ്പൂർണ ഊർജ കമ്പനിയായി മാറുന്നതിന് പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് സൗദി അറാംകൊ ശ്രമിച്ചുവരികയാണ്. സൗദി അറേബ്യക്കകത്തും വിദേശത്തും പ്രകൃതി വാതക ഉൽപാദന മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. പത്തു വർഷത്തിനുള്ളിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് കമ്പനി 15,000 കോടി ഡോളർ ചെലവഴിക്കും. 2030 ഓടെ പ്രതിദിനം 300 കോടി ഘന അടി പ്രകൃതി വാതകം കയറ്റി അയക്കുന്നതിന് സൗദി അറാംകൊ പദ്ധതിയിടുന്നു. 
ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് സാബിക്കിലുള്ള എഴുപതു ശതമാനം ഓഹരികൾ വാങ്ങുന്നതിന് സൗദി അറാംകൊ കരാർ ഒപ്പുവെച്ചിട്ടുണ്ട്. 6910 കോടി ഡോളറിനാണ് സാബിക് ഓഹരികൾ അറാംകൊ വാങ്ങുന്നത്. ആഗോള പെട്രോകെമിക്കൽസ് വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്. 
കഴിഞ്ഞ വർഷം സൗദി അറാംകോയുടെ പ്രതിദിന എണ്ണയുൽപാദനം 10.3 ദശലക്ഷം ബാരലായിരുന്നെന്ന് മൂഡിസ് പറഞ്ഞു. 
സൗദിയുടെ പരമാവധി ഉൽപാദന ശേഷിയേക്കാൾ 17 ലക്ഷം ബാരൽ കുറവാണിത്. സൗദി അറാംകോയുടെ പക്കൽ സ്ഥിരീകരിക്കപ്പെട്ട 25,700 കോടി ബാരൽ എണ്ണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിലെ അതേ നിലവാരത്തിൽ ഉൽപാദനം തുടരുന്ന പക്ഷം 50 വർഷത്തിലേറെ കാലം ഉൽപാദിപ്പിക്കുന്നതിന് മതിയായ എണ്ണ ശേഖരമാണിത്. 
സൗദി അറാകോയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽപന നടത്തുന്നതിനും പദ്ധതിയുണ്ട്. ഇതിലൂടെ പതിനായിരം കോടി ഡോളർ സമാഹരിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
കഴിഞ്ഞ വർഷം ഓഹരി വിൽപന നടത്തുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് 2021 ലേക്ക് നീട്ടിവെക്കുകയായിരുന്നു. 

 

Latest News