ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വയനാടിന്റെ സാസ്‌കാരിക പൈതൃകത്തേയും ജനസംഖ്യവിവരത്തേയും കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് പ്രധാനമന്ത്രി വര്‍ഗീയവും ഭിന്നിപ്പുളവാക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
വയനാട് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കേരള സിംഹം എന്നറിയപ്പെടുന്ന കേരള വര്‍മ പഴശ്ശിരാജയുടെ മണ്ണാണ്. വ്യത്യസ്ത മതങ്ങളും സമുദായങ്ങളും ഒരേ സംസ്‌കാരത്തോടെയാണ് അവിടെ ജീവിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ മാത്രമല്ല മോഡി അപമാനിച്ചിരിക്കുന്നത് സ്വാതന്ത്യ സമരസേനാനികളെ കൂടി അവഹേളിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയെ ആകമാനം മോഡി തന്റെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു.
ദളിതുകളും പിന്നാക്ക വിഭാഗങ്ങളുമടക്കം വയനാട്ടിലെ 50 ശതമാനത്തോളം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. 28 ശതമാനം മുസ്ലിങ്ങളും 21 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ് അവിടെയുള്ളതെന്നും മോഡി മനസ്സിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.