ഹൈദരാബാദ്- മുസ്ലിം സഹോദരിമാരെ രക്ഷിക്കുന്നതിനു മുമ്പ് സ്വന്തം ഭാര്യയുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അക്ബുറദ്ദീന്‍ ഉവൈസി.
മുസ്ലിം സഹോദരിമാരെ കുറിച്ചും പെണ്‍മക്കളെ കുറിച്ചും അവരുടെ വിവാഹ മോചനത്തെ കുറിച്ചും മോഡി വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടോ- ഉവൈസി ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മുത്തലാഖ് വിഷയം പ്രധാനമന്ത്രി മോഡി വലിച്ചു കൊണ്ടുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു. മുത്തലാഖില്‍നിന്ന് മുസ്ലിം സ്ത്രീകളെ വിമോചിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് തിങ്കളാഴ്ച എല്‍.ബി സ്‌റ്റേഡിയത്തില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞിരുന്നു. മുസ്ലിം സ്ത്രീകളുടെ നീതിക്കുവേണ്ടി ബി.ജെ.പി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുത്തലാഖ് ബില്‍ പാസാക്കിയപ്പോള്‍ അവര്‍ എന്നെ വിമര്‍ശിച്ചു. എന്നാല്‍ മുത്തലാഖ് സമ്പ്രദായത്തെ ഭയപ്പെടുന്ന എല്ലാ സ്ത്രീകളും ഞങ്ങളെ പിന്തുണക്കണം. ഇത്തരം ദുഷിച്ച ആചാരങ്ങളില്‍നിന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കുമെന്നും പ്രധാനമന്ത്രി മുസ്ലിം സ്ത്രീകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഹൈദരാബാദ് പുരാതന നഗരത്തിന്റെ വികസന പാതയില്‍ ഐഐഎംഐഎമ്മാണ് തടസ്സമെന്ന പ്രധാനമന്ത്രിയുടെ വാദത്തേയും അക്ബറുദ്ദീന്‍ ഉവൈസി ചോദ്യം ചെയ്തു. മിഷന്‍ ശക്തി വിജയകരമാക്കിയ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) ഹൈദരാബാദിലെ ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്ന കാര്യം പ്രധാനമന്ത്രി ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ ചായവാലയും ഇന്നത്തെ ചൗക്കീദാറും നഗരത്തിന്റെ വികസനത്തിനു തടസ്സമായി എഐഎംഐഎമ്മിനെയാണ് കുറ്റപ്പെടുത്തുന്നത്. അദ്ദേഹത്തിന് എന്തറിയാം. ചായ് എന്ന് എങ്ങനെ പറയാമെന്നതു മാത്രമാണ് അദ്ദേഹത്തിന്റെ അറിവ്-അക്ബറുദ്ദീന്‍ ഉവൈസി പറഞ്ഞു.