മുംബൈ- ഓഹരി വിപണിയില്‍ ശക്തമായ കുതിച്ചുകയറ്റം നടത്തി സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 39000 പോയന്റ് കടന്നു. എന്‍എസ്ഇ സൂചിക അതിന്റെ റെക്കോര്‍ഡ് ലവലിന് അടുത്താണ്. കഴിഞ്ഞയാഴ്ച 11623.90ല്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നലെ രാവിലെ 11665.20ലാണ് ഓപ്പണ്‍ ചെയ്തത്. തുടര്‍ന്നുണ്ടായ ശക്തമായ റാലിയില്‍ വ്യാപാരം 11715.65 വരെ എത്തി.
ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, എല്‍ആന്‍ഡ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. വിദേശ ഫണ്ടുകള്‍ക്കൊപ്പം ആഭ്യന്തര നിക്ഷേപകരും ചേര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച ആഴ്ച റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും നിഫ്റ്റി ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തു. 16 ശതമാനമാണ് സെന്‍സെക്‌സിന്റെ കഴിഞ്ഞ 12 മാസത്തെ നേട്ടം. മാര്‍ച്ചില്‍ മാത്രം വിപണിയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം 320 ബില്യണ്‍ കവിഞ്ഞിരിക്കുന്നു. അടുത്ത മാസം ഈ സംഖ്യ ഇനിയും വര്‍ധിക്കുമെന്ന് വിപണി പ്രത്യാശിക്കുന്നു.