ലഖ്‌നൗ- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍ പ്രദേശിലെ മൈന്‍പുരി മണ്ഡലത്തില്‍ മത്സരിക്കുന്ന മുലായം, പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്കെതിരെ ബി.എസ്.പിയുമായി ചേര്‍ന്നാണ് എസ്.പി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആരാകും ഈ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നാണ് മുലായം സിംഗ് പറഞ്ഞത്.
എസ്.പിയുടെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് മൈന്‍പുരി. 1996, 2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ഭൂരിപക്ഷത്തിന് മണ്ഡലത്തില്‍ ജയം കുറിച്ച സമാജ്‌വാദി പാര്‍ട്ടി, ഉപതെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ എട്ട് തവണ മണ്ഡലത്തില്‍ ജയം നേടിയിട്ടുണ്ട്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് മൈന്‍പുരിയില്‍ മത്സരം നടക്കുന്നത്.
എസ്.പി-ബി.എസ്.പി സഖ്യത്തെ തുടര്‍ന്ന് മുലായത്തിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാവുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. 2014 തെരഞ്ഞെടുപ്പില്‍ മൈന്‍പുരിയിലും അസംഘട്ടിലും മത്സരിച്ച് വിജയിച്ച മുലായം, പിന്നീട് മൈന്‍പുരിയിലെ സീറ്റ് ഒഴിയുകയായിരുന്നു.