മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് പൊന്നാനിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ നേടാന്‍ ശ്രമിച്ച ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിനെ വെട്ടിലാക്കി വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. കോണ്‍ഗ്രസ് വോട്ടുപിടിക്കാനാണ് പൊന്നാനിയില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ട് ചെയ്യണം എന്ന് അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏറനാട്ടിലെ ഒതായിയില്‍ വോട്ടുള്ള അന്‍വറിന്റെ വോട്ട് ആര്‍ക്കാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. നേരിട്ട് രാഹുല്‍ഗാന്ധിക്കോ അതോ ഇടതു സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ പി.പി സുനീറിനോ എന്ന ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
'രാഹുല്‍ ഗാന്ധിക്ക് ശക്തിനല്‍കാന്‍, മതേതര ശക്തികള്‍ക്ക് ശക്തിനല്‍കാന്‍ ഈ രാജ്യത്തെ ഇടതുപക്ഷ ശക്തികളെ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നാണ്' അന്‍വര്‍ പൊന്നാനിയില്‍ പ്രസംഗിച്ചത്. അന്‍വറിന്റെ നിയോജകമണ്ഡലമായ നിലമ്പൂരും വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ നിലമ്പൂരിലെ പ്രചരണത്തിന് അന്‍വറിന്റെ സാന്നിധ്യവുമില്ല.
ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ് ധാരണ തകരുകയും കേരളത്തിലെ 20 മണ്ഡലങ്ങളിലും നേര്‍ക്കുനേര്‍ മത്സരം നടക്കുകയും ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ തന്നെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി അന്‍വര്‍ രംഗത്തെത്തിയത്. മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വര്‍ വിജയിച്ചുകഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിക്കൊപ്പം പോകുമോ എന്ന ചോദ്യവും സോഷ്യല്‍മീഡിയ ഉയര്‍ത്തിയിരുന്നു.