കൊളംബിയ: യുഎസിലെ സൗത് കരോലിനയില്‍ ഊബര്‍ ടാക്‌സി എന്ന് തെറ്റിദ്ധരിച്ച് കൊലയാളിയുടെ കാറില്‍ കയറിയ വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. 21 കാരിയായ സാമന്ത ജോസഫസണ്‍ വിദ്യാര്‍ത്ഥിനിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സാമന്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നതാനിയല്‍ റൗലാന്‍ഡ് എന്ന 24കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബിയയിലെ ഫൈവ് പോയിന്റ്‌സ് ബാറിലാണ് അവസാനമായി സാമന്തയെ കണ്ടത്. ബാറില്‍ നിന്ന് മടങ്ങിയ സാമന്തയെ പിന്നീടാരും കണ്ടിട്ടില്ല. സമയം ഏറെ വൈകിയും സാമന്ത തിരികെയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഊബര്‍ ടാകിസാണെന്ന് തെറ്റിദ്ധരിച്ച് സാമന്ത കൊലയാളിയുടെ കാറിന് കൈകാണിക്കുകയായിരുന്നു. ബാറില്‍ പുലര്‍ച്ചെ വരെ സമയം ചെലവഴിച്ച ശേഷം സാമന്ത ഊബര്‍ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു. കറുപ്പ് നിറമുള്ള കാറിലാണ് കൊലയാളിയെത്തിയത് ഇത് ഊബര്‍ ടാക്‌സിയാണെന്ന് തെറ്റിദ്ധരിച്ച് സാമന്ത് കൈകാണിച്ചു. കാര്‍ സാമന്തയുടെ അടുത്തേയ്ക്ക് വരികയും പെണ്‍കുട്ടി പുറകിലെ സീറ്റില്‍ കയറുകയും ചെയ്തു. തുടര്‍ന്ന് കാര്‍ അതി വേഗത്തില്‍ മുന്നോട്ട് പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിജനമായൊരു പ്രദേശത്ത് സാമന്തയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തെ വന മേഖലയിലേക്ക് പോകാനായി ഇതുവഴി കടന്നുപോയവരാണ് ആദ്യം മൃതദേഹം കണ്ടത്. 14 മണിക്കൂറോളം നേരം നീണ്ട ക്രൂര പീഡനങ്ങള്‍ക്കൊടുവിലായിരുന്നു സാമന്തയുടെ മരണമെന്നാണ് കരുതുന്നത്. മുഖത്തും കാലുകളിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സാമന്ത കയറിയ കാര്‍ പോലീസ് കണ്ടെത്തുകയായിരുന്നു. കൊലയാളി നതാനിയലിനെ അതി വിദഗ്ധമായാണ് പോലീസ് സംഘം കീഴ്‌പ്പെടുത്തിയത്. കാറില്‍ നിന്നും സാമന്തയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.