കോഴിക്കോട്- ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയായി മൗലാനാ മുഫ്തി മുഹമ്മദ് അസ് ജദ് റസാഖാനെ തെരഞ്ഞെടുത്തുവെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് തെറിയഭിഷേകം. ബറേല്‍വികളുടെ പേരില്‍ മുഫ്തി പട്ടം ചമഞ്ഞ് കേരളത്തില്‍ നിന്ന് സ്വയം എഴുന്നള്ളിയവര്‍ക്കും കുഞ്ഞാടുകള്‍ക്കും രംഗം കൂടുതല്‍ വഷളാക്കാതെ ഇനി അരങ്ങൊഴിയാമെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിനും തെറിയഭിഷേകത്തിനു കാരണം.
ഡോ.ബഹാവുദ്ദീന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.
ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയായി മൗലാനാ മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാന്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ലോകമെങ്ങുമുള്ള ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫിലെ ശര്‍ഈ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തിലാണ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്റെ പിന്‍ഗാമിയായാണ് അദ്ദേഹത്തിന്റെ പുത്രന്‍ കൂടിയായ അസ്ജദ് റസാഖാന്‍ നിയമിതനാവുന്നത്. ബറേലി ശരീഫില്‍ ഇന്നലെ രാത്രി സമാപിച്ച ത്രിദിന കൗണ്‍സില്‍ ഏക കണ്ഠമായാണ് പുതിയ മുഫ്തിയെ തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.
ഹനഫി കര്‍മശാസ്ത്ര സരണിയില്‍ അഗാധ പാണ്ഡിത്യമുള്ള മൗലാനാ അസ്ജദ് റസാഖാന്‍ ബറേലി നേതൃനിരയിലെ പ്രമുഖനും ബറേല്‍വി മുസ്ലിംകളുടെ പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫയുടെ അധ്യക്ഷനുമാണ്.
ബറേലിയിലെ പ്രമുഖ മത കലാലയമായ ജാമിഅത്തുര്‍റസായുടെ പ്രിന്‍സിപ്പല്‍ പദവിയും അലങ്കരിച്ചുവരുന്നു.
ബറേല്‍വികളുടെ പേരില്‍ മുഫ്തി പട്ടം ചമഞ്ഞ് കേരളത്തില്‍ നിന്ന് സ്വയം എഴുന്നള്ളിയവര്‍ക്കും കുഞ്ഞാടുകള്‍ക്കും രംഗം കൂടുതല്‍ വഷളാക്കാതെ ഇനി അരങ്ങൊഴിയാം.
' സത്യം സമാഗതമാവുകയും അസത്യം നിഷ്‌ക്രമിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയം നശിക്കാനുള്ളത് തന്നെയാണ് അസത്യം. (വിശുദ്ധ ഖുര്‍ആന്‍ 17:81).