അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വിരംഗം പട്ടണത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധിപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തതായും രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കു ശേഷം ഇരു വിഭാഗങ്ങളില്‍ പെട്ടവര്‍ പരസ്പരം കല്ലേറു നടത്തുകയും വടികളും മറ്റുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഖബര്‍സ്ഥാന്റെ ചുറ്റുമതിലില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് പ്രദേശത്തെ ഏതാനും മുസ്ലിംകള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലെത്തിയതെന്ന് അഹ്്മദാബാദ് റൂറല്‍ പോലീസ് സൂപ്രണ്ട് എ.വി. അസാരി പറഞ്ഞു. രണ്ട് പേര്‍ക്ക് കാലിന് പൊട്ടലുണ്ടെന്നും മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണെന്നും പോലീസ് പറഞ്ഞു. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.