Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ ദക്ഷിണേന്ത്യന്‍ പ്രയാണം ചരിത്രത്തിന്റെ ആവര്‍ത്തനം; കോണ്‍ഗ്രസ് വീണ്ടും ഉണരുമോ?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് ആകസ്മികമല്ല, ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. കോണ്‍ഗ്രസിന്റെ മുന്‍ കാല ഉയിര്‍ത്തെഴുന്നേല്‍പ്പുകളില്‍ ഗാന്ധി കുടുംബത്തിലെ മുന്‍ഗാമികള്‍ ദക്ഷിണേന്ത്യയിലൂടെ രാജ്യം വെട്ടിപ്പിടിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ നേരത്തെ രണ്ടു തവണ ഗാന്ധി കുടുംബം ദക്ഷിണേന്ത്യയില്‍ മത്സരിച്ച് ജയിച്ച് അധികാത്തില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 1980-ല്‍ രാഹുലിന്റെ മുത്തശ്ശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആന്ധ്രാ പ്രദേശിലെ മേധക് (ഇന്ന് തെലങ്കാനയില്‍) ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977-ലെ തെരഞ്ഞെടുപ്പില്‍ തോറ്റുതുന്നംപാടിയ കോണ്‍ഗ്രസിനെ ഈ ജയത്തിലൂടെയാണ് ഇന്ദിര ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്.

പിന്നീട് രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയാണ് ദക്ഷിണേന്ത്യന്‍ പരീക്ഷണം നടത്തിയത്. 1999-ലെ തെരഞ്ഞെടുപ്പില്‍ അമേഠിക്കു പുറമെ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയ മത്സരിച്ചു ജയിച്ചു. 1998-ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും മോശം പ്രകടനത്തിനു ശേഷം കോണ്‍ഗ്രസിനെ ഉണര്‍ത്തുന്നതില്‍ സോണിയയുടെ ഈ വിജയം നിര്‍ണായകമായിരുന്നു.

ഇത്തവണ രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനും ഈ ചരിത്രങ്ങളുമായി സമാനതകളുണ്ട്. 1998-ലേതിനേക്കാള്‍ മോശം നിലയിലാണ് ഏറ്റവുമൊടുവിലെ പാര്‍ലമെന്റിലെ കോണ്‍ഗ്രസ് അംഗബലം. ഈ പശ്ചാത്തലത്തിലാണ് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ച് ഇന്ത്യയിലാകെ തരംഗമുണ്ടാക്കുന്ന കോണ്‍ഗ്രസിന്റെ പഴയ അടവ് കേരളത്തിലെ വയനാട്ടിലും പ്രസക്തമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ ഈ പരീക്ഷണം ആന്ധ്രയും കര്‍ണാടകയും കടന്ന് ഇത്തവണ കേരളത്തിലെത്തി എന്ന വ്യത്യാസം മാത്രം. രാഹുല്‍ ഗാന്ധിയിലൂടെ വീണ്ടും പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാമെന്ന് വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസുകാര്‍. ചരിത്രം ഓര്‍മയുള്ളത് കൊണ്ടാണ് കേരളത്തിനു പുറമെ കര്‍ണാകയിലേയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രാഹുലിനെ മത്സരിക്കാന്‍ ദക്ഷിണേന്ത്യയിലേക്ക് ക്ഷണിച്ചതും.

1999-ല്‍ ബെല്ലാരിയിലെ സോണിയയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോട് ഏതാണ്ട് സമാനമായാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും. 1999 ഓഗസ്റ്റ് 18-നു ബെല്ലാരിയില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് സോണിയ ഇവിടെ മത്സരിക്കുന്ന കാര്യം തന്നെ പ്രഖ്യാപിക്കുന്നത്. വയനാട്ടില്‍ രാഹുലിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നാലു ദിവസം കൂടി സമയമുണ്ട്.

കര്‍ണാടകയേയും തമിഴ്‌നാടിനേയും തള്ളി കേരളം തെരഞ്ഞെടുത്ത് എന്തു കൊണ്ട്?
രാഹുലിനായി വയനാട് തെരഞ്ഞെടുത്തത് കോണ്‍ഗ്രസിന്റെ ഒരു നയതന്ത്ര മികവായി വേണമെങ്കില്‍ എണ്ണാം. കാവേരി നദീജല തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ അടിപിടി കൂടുന്ന രണ്ടു സംസ്ഥാനങ്ങളാണ് കര്‍ണാകടയും തമിഴ്‌നാടും. കര്‍ണാടകയില്‍ മത്സരിച്ചാല്‍ അത് തമിഴ്‌നാട്ടിലെ യുപിഎ സാധ്യതകള്‍ക്ക് ദോഷം ചെയ്‌തേക്കാം. മത്സരിക്കുന്നത് തമിഴ്‌നാട്ടിലാണെങ്കില്‍ അത് കര്‍ണാടകയിലെ വോട്ടര്‍മാരേയും ചൊടിപ്പിച്ചേക്കാം. ആന്ധ്രയിലും തെലങ്കാനയിലും ആണെങ്കിലും സ്ഥിതി ഇതു തന്നെയാകും. മാത്രവുമല്ല, ഇവിടെ ഒരൊറ്റ സുരക്ഷിത മണ്ഡലവും കോണ്‍ഗ്രസിന് ഇല്ല എന്നതും പ്രശ്‌നമാണ്. അതു കൊണ്ടാണ് നറുക്ക് ഇത്തവണ കേരളത്തിനു വീണത്. തീര്‍ത്തും പ്രായോഗികമായ ഒരു വഴിയാണ് കര്‍ണാകയോടും തമിഴ്‌നാടിനോടും അതിര്‍ത്തി പങ്കിടുന്ന വയനാട്. അനുരണനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയേറെയാണ്.

കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കും
നിലവില്‍ കോണ്‍ഗ്രസിനു ഏറ്റവും വിജയ സാധ്യതയുള്ള ചുരുക്കും സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു കളി ഒരു ഭീഷണിയായിരുന്നു. രാഹുല്‍ ചിത്രത്തില്‍ വരുന്നതിനു മുമ്പ് വയനാടിനെ ചൊല്ലി കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും പോരടിച്ചത് കണ്ടതാണ്. വാശിയേറിയ പിടിവലിക്കൊടുവില്‍ എ ഗ്രൂപ്പുകാരന്‍ ടി സിദ്ധീഖിന് നറുക്ക് വീണെങ്കിലും രാഹുല്‍ വരുന്നു എന്നറിഞ്ഞതോടെ സിദ്ധീക് സ്വയം പിന്മാറിയത് കോണ്‍ഗ്രസിനെ ഒന്നിപ്പിച്ചു. രാഹുല്‍ വരുന്നു എന്നറിഞ്ഞതോടെ ഗ്രൂപ്പുകളെല്ലാം വൈരം മറന്ന് ഒന്നായി. തെരഞ്ഞെടുപ്പു വോട്ടെണ്ണുമ്പോള്‍ ഇതു പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 

 

Latest News