ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂദല്‍ഹി- ഗുജറാത്തില്‍ 2002 ല്‍ നടന്ന മുസ്്‌ലിം വേട്ടയില്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബില്‍ക്കിസ് ബാനു നിരാകരിച്ച പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം മാതൃകാപരമായി ഉയര്‍ത്തണമെന്ന് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ബോംബെ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടി രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ബില്‍ക്കിസ് ബാനുവിന്റെ ഹരജിയില്‍ ഏപ്രില്‍ 23-ന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും. അഞ്ച് പോലീസുകാരും രണ്ട് ഡോക്ടര്‍മാരുമടക്കം ഏഴ് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് 2017 മേയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവാദിത്തം നിര്‍വഹിച്ചില്ല, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ സ്ഥിരീകരിച്ചായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. രണ്ട് ഡോക്ടര്‍മാരും ഒരു ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് പോലീസുകാരും സമര്‍പ്പിച്ച അപ്പീല്‍ 2017 ജൂലൈ പത്തിന് സുപ്രീം കോടതി തള്ളിയിരുന്നു. കാരണമൊന്നുമില്ലാതെയാണ് വിചാരണ കോടതി കുറ്റവിമുക്തരാക്കിയതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇവരുടെ അപ്പീലുകള്‍ തള്ളിയത്.
ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ബില്‍ക്കിസ് ബാനുവിനുവേണ്ടി ഹാജരാകുന്ന അഭിഭാഷക ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. കിരാതമായ കുറ്റകൃത്യത്തിന് ഇരായയ ബില്‍ക്കിസ് ബാനു നാടോടി ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നതെന്നും നഷ്ടപരിഹാരം മാതൃകാപരമായി ഉയര്‍ത്തണമെന്നും ശോഭ ഗുപ്ത ആവശ്യപ്പെട്ടു.
ഗുജറാത്ത് കലാപവേളയില്‍ അഞ്ച് മാസം ഗര്‍ഭിണിയായിയിരിക്കെയാണ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. കേസില്‍ അഹമ്മദാബാദില്‍ ആരംഭിച്ച വിചാരണ സാക്ഷികളെ ഭീഷണിപ്പെടുത്താനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്‍ക്കിസ് ബാനു ഹരജി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി 2004 ഓഗസ്റ്റില്‍ മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പടുത്തിയ കേസിലും 2008 ജനുവരി 21 ന് പ്രത്യേക കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പോലീസുകാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ഏഴുപേരെ വെറുതെ വിടുകയും ചെയ്തു.