സഹപാഠിയെ പ്രണയിച്ചതിന് 17കാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്നു

അഹമദ്‌നഗര്‍- കൊളെജില്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി പ്രണയത്തിലായ 17 വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛന്‍ വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. മഹാരാഷ്ട്രയിലെ അഹമദ്‌നഗറില്‍ ഒരാഴ്ച മുമ്പാണ് ഈ ദുരഭിമാനക്കൊല നടന്നത്. പാതി കരിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപത്തുള്ള വെള്ളക്കെട്ടില്‍ സഹോദരിയാണ് കണ്ടത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛന്‍ 51കാരനായ ശ്രീരംഗ് സായ്ഗുണ്ഡെയെ പോലീസ് അറസ്റ്റ് പെയ്തു. ഇയാളെ സഹായിച്ച പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ രാജേന്ദ്ര ജഗന്നാഥ് ഷിന്‍ഡെ, ധ്യാന്‍ദേവ് ജഗന്നാഥ് ഷിന്‍ഡെ എന്നിവരും അറസ്റ്റിലായി.

സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി ഫോണില്‍ സന്ദേശങ്ങള്‍ കൈമാറുന്നതും ഒന്നിച്ചു കോളെജില്‍ പോകുന്നതും അറിഞ്ഞ സായ്ഗുഡെ നിരവധി തവണ പെണ്‍കുട്ടിക്ക് താക്കീതു നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതു വകവയ്ക്കാതെ ബന്ധം തുടര്‍ന്നതാണ് പെണ്‍കുട്ടിയെ വകവരുത്താന്‍ സായ്ഗുണ്ഡെയെ പ്രേരിപ്പിച്ചതെന്ന് പോലീസ്് പറഞ്ഞു. മാര്‍ച്ച് 23-നാണ് വീട്ടിനകത്തു വച്ച് മകളെ സായ്ഗുണ്ഡെ കഴുത്ത് ഞെരിച്ച് കൊന്നത്. പിന്നീട് കത്തിക്കാന്‍ ശ്രമിച്ച മൃതദേഹം രഹസ്യമായി തള്ളുകയായിരുന്നു. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. മാര്‍ച്ച് 25-നാണ് പാതി കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് 35 പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സായ്ഗുണ്ഡെയ്‌ക്കെതിരെ തെളിവു ലഭിച്ചത്. മൂന്ന് പ്രതികളേയും ശനിയാഴ്ച വൈകുന്നേരമാണ് പോലീസ് പിടികൂടിയത്.
 

Latest News