ബിജ്‌നോര്‍- അമേഠിക്കു പുറമെ വയനാട്ടിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അമേഠി വിട്ട് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഓടിയെന്ന് വാട്‌സാപ്പില്‍ വായിച്ചു എന്നാണ് ഉത്തര്‍ പ്രദേശിലെ നഗിനയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെ ഷാ പറഞ്ഞത്. അമേഠിയിലെ പരാജയ ഭീതി മൂലമാണ് കേരളത്തില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എന്തിനാണ് അദ്ദേഹം കേരളത്തിലേക്ക് രക്ഷപ്പെട്ടത്? അദ്ദേഹം അമേഠിയില്‍ ചെയ്തതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ ജയിക്കാനായി അദ്ദേഹം കേരളത്തിലേക്കു പോകുന്നത്'- ഷാ പറഞ്ഞു.