ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ ബഹിരാകാശ നേട്ടമായി മിഷന്‍ ശക്തി പ്രഖ്യാപനം നടത്തിയതില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടലിനെ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വളരെ നേരിയ ഇടപെടല്‍ എന്നാണ് കമ്മീഷന്റെ ഇടപെടലിനെ യെച്ചൂരി വിമര്‍ശിച്ചത്. പൊതു മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നടത്തുന്ന അതേ തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ മറ്റു ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും അവസരം നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു എന്നും യെച്ചൂരി ആരോപിച്ചു.
മോഡിയുടെ പ്രഖ്യാപനിത്തിനെതിരേ യെച്ചൂരി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയോ ദൂരദര്‍ശനിലൂടെയോ അല്ല, മറിച്ച് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് മോഡി പ്രഖ്യാപനം നടത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ഇതു വളരെ നേരിയ ഇടപെടലാണെന്നു വിമര്‍ശിച്ചുകൊണ്ടു യെച്ചൂരി തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും യെച്ചൂരി തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.