Sorry, you need to enable JavaScript to visit this website.

എല്ലാം മറന്നു,ഇനി ഒറ്റ ശരീരം അമിത്ഷായെ പുണര്‍ന്ന് ഉദ്ദവ് താക്കറെ

ഗാന്ധിഗനര്‍- ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് ശിവസേന ഓദ്യോഗികമായി വിരാമം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തിയ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ, ഇന്നലെ പ്രതിപക്ഷത്തിന്റെ നേതാവാരാണെന്ന ചോദ്യവും ഉന്നയിച്ചു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായാണ് ബി.ജെ.പിയും ശിവസേനയും ആശയപരമായി ഒന്നാണെന്ന പ്രഖ്യാപനം ഉദ്ദവ് താക്കറെ നടത്തിയത്.
ബി.ജെ.പിയുമായി ഭിന്നതകളുണ്ടായിരുന്നു. അതൊക്കെ അവസാനിച്ചു. എല്ലാ വിവിദങ്ങള്‍ക്കും തിരശ്ശീല വീണു. ഹിന്ദുത്വവും ദേശീയതയുമാണ് രണ്ട് പാര്‍ട്ടികളുടേയും ആശയ കേന്ദ്രബിന്ദു- ഉദ്ദവ് താക്കറെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഹിന്ദുത്വമാണ് തങ്ങളുടെ ജീവവായു എന്നാണ് എന്റെ പിതാവ് (ബാലസാഹെബ് താക്കറെ) പറയാറുള്ളത്. അതില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല- അനുയായികളുടെ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷത്തേക്കാളും കഠിനമായി ബി.ജെ.പിയെ വിമര്‍ശിക്കുന്ന ശിവസേനയെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും കാണാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രയില്‍ പകുതി സീറ്റുകള്‍ വീതം പങ്കുവെക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ് ഇരു പാര്‍ട്ടികളും ഒത്തുതിര്‍പ്പിലെത്തിയത്.
ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത പല പാര്‍ട്ടികളും ആഘോഷമാക്കിയിട്ടുണ്ട്. അതൊക്കെ അവസാനിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ കൂടിയാണ് താന്‍ ഇവിടെ എത്തിയതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു.
അവസരവാദത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്നതാണ് പ്രതിപക്ഷ മഹാ സഖ്യമെന്ന് ശിവസേനാ നേതാവ് കുറ്റപ്പെടുത്തി. 56 പ്രതിപക്ഷ പാര്‍ട്ടികളാണ് കൈ കോര്‍ത്തത്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ ഇനിയും അടുത്തിട്ടില്ല. ഞങ്ങള്‍ക്ക് ഒരു നേതാവുണ്ട്. ആരാണ് നിങ്ങളുടെ നേതാവ്, ആരാകും നിങ്ങളുടെ പ്രധാനമന്ത്രി, എല്ലാവരും പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്നവരാണ്, സ്ഥാനത്തിനുവേണ്ടിയുള്ള തമ്മിലടി ആരംഭിച്ചു കഴിഞ്ഞു-ഉദ്ദവ് താക്കറെ പറഞ്ഞു.
പ്രശ്‌നങ്ങള്‍ തുറന്നവേദിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന വിശ്വാസക്കാരണ് ശിവസേന. ബി.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തുറന്നു പ്രകടിപ്പിച്ചിരുന്നു. പിന്നില്‍നിന്ന് കുത്തുന്ന സംസ്‌കാരത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത് തുറന്ന മനസ്സോടെയുള്ള പിന്തുണ അറിയിക്കാനാണ്-അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറെക്കു പുറമെ, ശിരോമണി അകാലദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്‍, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്കരി എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest News