ബെര്‍ലിന്‍- ബെഡില്‍ നീണ്ടു നിവര്‍ന്ന് 60 ദിവസം കിടന്നാല്‍ 13 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകാണ് ജര്‍മന്‍ എയറോസപേസ് സെന്റര്‍ (ഡി.എല്‍.ആര്‍). യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഡിഎല്‍ആറുമായി ചേര്‍ന്ന് നടത്തുന്ന ഒരു പഠനമാണിത്. ഭാരമില്ലായ്മ മനുഷ്യ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതു സംബന്ധിച്ച് നടത്തുന്ന ഈ പഠനത്തിന്റെ ഭാഗമായി രണ്ടു മാസം കിടക്കാന്‍ മാത്രം തയാറാകുന്നവര്‍ക്കാണ് ഈ മോഹിപ്പിക്കുന്ന പ്രതിഫലം നല്‍കുക. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അല്ലെങ്കില്‍ ബഹിരാകാസത്ത് ദീര്‍ഘ കാലം ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിയണമെങ്കില്‍ അസ്ഥികളും പേശികളും ക്ഷയിക്കുന്നത് തടയാന്‍ കാര്യക്ഷമമായ പ്രതിവിധികല്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇതു കണ്ടെത്തുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി എന്നു പേരിട്ട ഗവേഷണത്തിന് ഈ മൂന്ന് ഏജന്‍സികള്‍ ചേര്‍ന്ന് തുടക്കമിടുന്നത്.
എന്‍വിഹാബ് എയറോസ്‌പേസ് മെഡിക്കല്‍ റിസര്‍ച് ലാബിലാണ് ഈ കിടത്തി പരീക്ഷണം നടക്കുന്നത്. ഭാരമില്ലായ്മയുടെ ദുഷ്ഫലങ്ങള്‍ മനുഷ്യ ശരീരത്തെ ബാധിക്കുന്നത് തടയാന്‍ നിര്‍മ്മിത ഭൂഗുരുത്വാകര്‍ഷണം എങ്ങനെ ഉപയോഗിക്കാനാകുമെന്നാണ് ഈ പഠനത്തില്‍ അന്വേഷിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ തയാറാകുന്ന വളണ്ടിയര്‍മാരെ ഡിഎല്‍ആര്‍ ഷോട്ട് ആം സെന്‍ട്രിഫ്യൂജിലാണ് കിടത്തുക. ഇതിന് ഇവര്‍ക്ക് നല്‍കുന്ന പ്രതിഫലം 16,500 യൂറോ ആണ്. അതയാത് 13 ലക്ഷത്തോളം രൂപ.