ചണ്ഡീഗഢ്- സൈനികര്‍ക്കു നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചതിന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്)ല്‍ നിന്ന് പുറത്താക്കപ്പെട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരാണാസിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്. ഹരിയാനയിലെ റെവാരിയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേനയിലെ അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പു മത്സരത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം ഞാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സേനയില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്. എന്റെ പ്രഥമ ലക്ഷ്യം സേനയിലെ അഴിമതി തുടച്ചു നീക്കി സേനയെ ശക്തിപ്പെടുത്തുക എന്നതാണ്- യാദവ് പറഞ്ഞു.
ജമ്മു കശ്മരീലെ മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പര്‍വ്വത മേഖലയില്‍ നിയന്ത്രണ രേഖയില്‍ സൈനിക സേവനത്തിലിരിക്കെ 2017-ലാണ് തേജ് ബഹാദൂര്‍ യാദവ് ജവാന്‍മാര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ മോസം ഗുണമേന്മയെ കുറിച്ച് വിഡിയോ സന്ദേശത്തിലൂടെ സമൂഹ മാധ്യമത്തില്‍ പരാതി ഉന്നയിച്ചത്. ഈ സംഭവത്തിന്റെ പേരില്‍ അച്ചടക്കലംഘന കുറ്റം ചുമത്തി അദ്ദേഹത്തെ സേന പുറത്താക്കുകയായിരുന്നു.