Sorry, you need to enable JavaScript to visit this website.

രണ്ടു ദിവസം മുമ്പ് മഹാസഖ്യത്തിലെന്ന് പ്രഖ്യാപിച്ച യുപിയിലെ നിഷാദ് പാര്‍ട്ടി കൂറുമാറി ബിജെപിയൊടൊപ്പം

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നെന്ന് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച കിഴക്കന്‍ യുപിയിലെ ചെറുകക്ഷിയായ നിഷാദ് പാര്‍ട്ടി സഖ്യം വിട്ടു. ബിജെപി നേതാവായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട ശേഷമാണ് മഹാസഖ്യം വിട്ടതായി നിഷാദ് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചത്. മറ്റു വഴികള്‍ ആലോചിക്കുകയാണെന്നാണ് അവരുടെ പ്രതികരണം. പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ്, അദ്ദേഹത്തിന്റെ മകനും ഗൊരഖ്പൂരിലെ സമാജ് വാദി പാര്‍ട്ടി എംപിയുമായ പ്രവീന്‍ നിഷാദ്, യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതോടെ നിഷാദ് പാര്‍ട്ടി ബിജെപിയോടൊപ്പം സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹം ശക്തമാണെങ്കിലും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 

മഹാരാജാഗഞ്ച് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം വിടാന്‍ കാരണമെന്ന് നിഷാദ് പാര്‍ട്ടി വക്താവ് നിക്കി നിഷാദ് പറയുന്നു. ഇവിടെ നിഷാദ് പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി ഇത് അനവദിച്ചില്ല. എസ് പി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിഷാദ് പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ എസ്പി ഒരുക്കമല്ല. നിഷാദ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി എസ്പി വ്യക്തമാക്കി. പകരം ഗൊരഖ്പൂരില്‍ നിഷാദ് സമുദായത്തില്‍ നിന്നുള്ള മറ്റൊരു എസ്പി നേതാവിനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. 

2018-ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഖൊരഖ്പൂരും ഫുല്‍പൂര്‍ മണ്ഡലവും പിടിച്ചെടുത്ത എസ്.പി-ബിഎസ്പി സഖ്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് നിഷാദ് പാര്‍ട്ടി. നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ എസ്പി ചിഹ്നത്തില്‍ മത്സരിച്ചാണ് ഗൊരഖ്പൂരില്‍ ജയിച്ചത്. ഈ പ്രതിപക്ഷ പരീക്ഷണം വന്‍ വിജയമായതിനെ തുടര്‍ന്നാണ് ഈ തെരഞ്ഞെടുപ്പിലും എസ്.പി-ബിഎസ്പി സഖ്യം രൂപംകൊണ്ടത്. ഇത്തവണവും നിഷാദ് പാര്‍ട്ടി എസ്പി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് അഖിലേഷ് എസ്പി അറിയിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ കാലം യോഗി ആദിത്യനാഥ് ലോകസ്ഭയില്‍ പ്രതിനിധീകരിച്ച ഗൊരഖ്പൂര്‍ പിടിച്ചെടുക്കുന്നതില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട നിഷാദ് സമുദായ വോട്ടുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിന് നിര്‍ണായകമായിരുന്നു.
 

Latest News