തിരുവനന്തപുരം- വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ വൈകുന്നതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. വയനാട്ടിലെ അനിശ്ചിതത്വത്തിനു കാരണം സി.പി.എമ്മാണെന്ന് സൂചപിപ്പിച്ചുകൊണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് ബേബിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണമെന്നും അതിനു മറ്റാരെയും പഴിച്ചിട്ടു കാര്യമില്ലെന്നും എം.എ. ബേബി ആരോപിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് ചില പാര്‍ട്ടികള്‍ തടസ്സം നില്‍ക്കുകയാണെന്നും വരും ദിവസങ്ങളില്‍ അക്കാര്യം വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്ന വയനാട്ടില്‍ ആര് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.