ന്യൂദല്‍ഹി- ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് രഹസ്യവിവരം ഉണ്ടായിരുന്നെങ്കിലും ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ പരീക്ഷണം അമേരിക്ക നീരിക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ ആണ് തള്ളിയത്. ഇന്ത്യയ്ക്കു സമീപമുള്ള ഡീഗോ ഗാര്‍സ ദ്വീപില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് തിരിച്ച യു.എസ് വിമാനം ഇന്ത്യയുടെ ഉപഗ്രഹവേധ മിഷന്‍ നിരീക്ഷിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സൈനിക വ്യോമനീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്സ് ഇതു സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിനു കാരണമായത്. ഇന്ത്യയുടെ ആന്റിസാറ്റലൈറ്റ് മിസൈല്‍ പരീക്ഷണത്തെ കുറിച്ചു വ്യക്തമായി അറിയാമായിരുന്നെന്ന് യു.എസ് എയ്ര്‍ഫോഴ്‌സ് സപേസ് കമാന്റ് കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ ഡേവിസ് തോംസണ്‍ വ്യക്തമാക്കി.
പരീക്ഷണത്തോടനുബന്ധിച്ച് വ്യോമ ഗതാഗതം നിരോധിച്ചുകൊണ്ട് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. അമേരിക്കന്‍ സൈന്യത്തിന്റെ മിസൈല്‍ മുന്നറിയിപ്പു സംവിധാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിരുന്നു. മിസൈല്‍ ലക്ഷ്യസ്ഥാനത്തു എത്തിയതിനു ശേഷം മാത്രമാണ് ഇതിനെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്നും ഡേവിഡ് തോംസണ്‍ പറഞ്ഞു.
എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ കുറിച്ചു വിവരം ലഭിച്ചിട്ടും യു.എസ് ഇന്ത്യയെ നിരിക്ഷീക്കാത്തത് ആശ്ചര്യകരമാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശത്രുക്കളുടെയും മിത്രങ്ങളുടെയും എല്ലാ നീക്കങ്ങളും അമേരിക്ക നിരിക്ഷിക്കുന്നുണ്ടെന്ന് ബഹിരാകാശ ഗവേഷകനായ ജോനാഥന്‍ മക്ഡൊവല്‍ വ്യക്തമാക്കി.
ബഹിരാകാശം സുരക്ഷിതമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ആദ്യ ആന്റിസാറ്റലൈറ്റ് മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ചു അമേരിക്ക രംഗത്തുവന്നതിനു പിന്നാലെയാണ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വന്നത്.
ഇത്തരം പരീക്ഷണങ്ങള്‍ എല്ലാവരും നടത്തുന്നത് ആശങ്കാ ജനകമാണെന്നും ബഹിരാകാശം എല്ലാവരുടേതുമാണെന്നും അതിനെ അവശിഷ്ടങ്ങള്‍ നിറച്ച് മലിനപ്പെടുത്തരുതെന്നും യു.എസ് പ്രതിരോധ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.