ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഫെബ്രുവരി 27-ന് ആറു വ്യോമ സേനാംഗങ്ങളുടേയും ഒരു സിവിലിയന്റേയും മരണത്തിനിടയാക്കിയ വ്യോമ സേനാ കോപ്റ്റര്‍ അപകടം ഇന്ത്യന്‍ സേനയുടെ തന്നെ മിസൈല്‍ ഏറ്റാണെന്ന് സംശയം. ഈ അപകടത്തിനു തൊട്ടു മുമ്പായി സേനയുടെ വ്യോമ പ്രതിരോധ വിഭാഗം മിസൈല്‍ തൊടുത്തു വിട്ടിരുന്നതായി സേന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സൈന്യത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സൈനിക കോടതിയില്‍ വിചാരണയ്ക്കു വിധേയരാക്കുമെന്നും ഉന്നത വ്യോമ സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ സേനയുടെ സാമഗ്രികള്‍ സംരക്ഷിക്കുന്നതിനു ഏര്‍പ്പെടുത്തിയിട്ടുള്ള പല തട്ടുകളിലായുള്ള സുരക്ഷാ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ അതിര്‍ത്തിയില്‍ 25 പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങളെ കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വ്യോമ പ്രതിരോധ സംവിധാനം ആക്ടിവേറ്റ് ചെയ്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയം തൊടുത്തു വിട്ടത് ഇസ്രാഈല്‍ നിര്‍മിത മിസൈലാണെന്നും സംശയിക്കപ്പെടുന്നു.
ജാഗ്രതാ നിര്‍ദേശം സൂചിപ്പിക്കുന്നത് പാക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളെ ഉന്നമിട്ട് ആക്രമിച്ചേക്കാമെന്നാണ്. പാക്കിസ്താന്റെ ആളില്ലാ ചെറുവിമാനം ഉപയോഗിച്ചും ആക്രമണം ഉണ്ടായേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു. കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വ്യോമ സേനയുടെ Mi 17 V 5 ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്ന ആളില്ലാ വിമാനമായി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞതായി ഇക്കണൊമിക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.
ഇത്തരം ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ പറക്കുന്ന വിമാസങ്ങള്‍ ചില ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ശത്രു വിമാനമല്ലെന്ന് തിരിച്ചറിയാനുള്ള കോപറ്ററിലെ സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. നിശ്ചിത റൂട്ടുകളില്‍ മാത്രമെ പറക്കാവൂ. ഇതെല്ലാം വിശദമായി അന്വേഷിക്കുമെന്നും സേന പറയുന്നു.
ജമ്മു കശ്മീരിലെ നൗശേറ സെക്ടറില്‍ നിയന്ത്ര രേഖയ്ക്കു സമീപം ഇന്ത്യന്‍ വ്യോമ സേനയുടെ പോര്‍വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങളുമായി പോരാട്ടം നടക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്നും നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിരുന്നെങ്കിലും പാക്കിസ്ഥാനുമായി നടന്ന വ്യോമ പോരാട്ടത്തിനിടെയാണെന്ന പരാമര്‍ശമുണ്ടായിരുന്നില്ല. പാക് സൈന്യവും നൗശേറയില്‍ പോര്‍വിമാനങ്ങള്‍ ഏറ്റുമുട്ടിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സേനയുടെ കരുത്തുറ്റ കോപ്റ്ററുകളിലൊന്നായ ഇത് തകര്‍ന്നു വീഴുന്നതിനു തൊട്ടുമുമ്പ് വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി ദൃക്‌സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു.