കൊല്ലം- ഓയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന്പട്ടിണിക്കിട്ട് കൊന്നതാണെന്ന് പോലീസ് റിപ്പോര്‍ട്ട്. മാര്‍ച്ച് 21-നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. സ്ത്രീധനപീഡനത്തിന് യുവതിയുടെ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും പേരില്‍ കേസെടുത്തു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
പ്രാക്കുളം കാഞ്ഞാവെളിയില്‍ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവര്‍ഷംമുന്‍പാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. 2013-ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷംരൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദര്‍ശകര്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടില്‍നിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരുടെയുംപേരില്‍ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.