റിയാദ് - ലോറി പാർക്കിംഗുകളിൽ സി.സി.ടി.വിയും ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനവും സ്ഥാപിച്ചില്ലെങ്കിൽ പാർക്കിംഗുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നേടിയവർക്ക് അയ്യായിരം റിയാൽ തോതിൽ പിഴ ചുമത്താൻ പൊതുഗതാഗത അതോറിറ്റി തീരുമാനിച്ചു. പാർക്കിംഗിനു ചുറ്റുമുള്ള വേലിയിലും ഭിത്തിയിലും അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതിരിക്കുക തുടങ്ങിയവക്കും സമാനമായ പിഴ ഈടാക്കും.
ലോറി പാർക്കിംഗുകളെ മൂന്നായി തരംതിരിച്ചു. 350 ലേറെ ലോറികൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗുകൾ എ വിഭാഗവും 50 മുതൽ 349 വരെ ട്രക്കുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗുകൾ ബി വിഭാഗവും അഞ്ചു മുതൽ 49 വരെ ലോറികൾ നിർത്തിയിടാവുന്ന പാർക്കിംഗുകൾ സി വിഭാഗവുമാണ്. പാർക്കിംഗുകളിലെ പൊതുടോയ്‌ലെറ്റുകൾ അടച്ചിട്ടാൽ മൂവായിരം റിയാൽ പിഴ ചുമത്തും. നിയമലംഘനങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും പത്തു ദിവസത്തിനകം പൊതുഗതാഗത അതോറിറ്റിയെ സമീപിക്കാതിരുന്നാലും ഇതേ തുക പിഴ ലഭിക്കും. പാർക്കിംഗിന് മാനേജറെ നിയമിക്കാതിരുന്നാലും കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാൻ കാലതാമസം വരുത്തിയാലും പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരുന്നാലും ആയിരം റിയാൽ വീതം പിഴ ചുമത്തുന്നതിനും നിയമാവലി അനുശാസിക്കുന്നു.