തൂനിസ് - ഇസ്രായിൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും നടപടി സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നതായി വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു. മുപ്പതാമത് അറബ് ഉച്ചകോടിക്കു മുന്നോടിയായി ചേർന്ന വിദേശ മന്ത്രിമാരുടെ സന്നാഹ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവിഷ്ട സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളുടെ മേലുള്ള ഇസ്രായിൽ പരമാധികാരം അംഗീകരിക്കുന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുന്നുവെന്നും സൗദി വ്യക്തമാക്കി.
ഗോലാൻ കുന്നുകളുടെ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാട് സുസ്ഥിരമാണ്. ഗോലാൻ കുന്നുകൾ സിറിയയുടെ മണ്ണാണ്. ഇത് ഇസ്രായിൽ അധിനിവേശത്തിലൂടെ പിടിച്ചടക്കിയതാണ്. യു.എൻ രക്ഷാ സമിതി പ്രമേയങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. തൽസ്ഥിതി അടിച്ചേൽപിക്കുന്നതിനുള്ള ശ്രമങ്ങൾ വസ്തുതകളിൽ ഒരു തരത്തിലുമുള്ള മാറ്റങ്ങളും വരുത്തില്ല.
ഗോലാൻ കുന്നുകളുടെ മേലുള്ള ഇസ്രായിൽ പരമാധികാരം അംഗീകരിച്ചുള്ള പ്രഖ്യാപനം 1967 ൽ യു.എൻ രക്ഷാസമിതി അംഗീകരിച്ച 242-ാം നമ്പർ പ്രമേയത്തിനും 1981 ൽ പാസാക്കിയ 497-ാം നമ്പർ പ്രമേയത്തിനും വിരുദ്ധമാണ്. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയിലും മേഖലയുടെ സുരക്ഷാഭദ്രതയിലും സമാധാനത്തിലും അമേരിക്കൻ പ്രഖ്യാപനം ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കും.
മതങ്ങളും സഹിഷ്ണുതാ, സഹവർത്തിത്വ മൂല്യങ്ങളും അംഗീകരിക്കാത്ത വിദ്വേഷ പ്രചാരണം ചെറുക്കുന്നതിലുള്ള ഉത്തരവാദിത്വം വഹിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വരുത്തിയ വീഴ്ചകളുടെ ഫലമാണ് ന്യൂസിലാന്റിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണങ്ങൾ. സർവശേഷിയും പ്രയോജനപ്പെടുത്തി സൗദി അറേബ്യ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നു. ആഗോള സമൂഹവുമായി സഹകരിച്ച് ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിന് എല്ലാവിധ സഹായങ്ങളും സൗദി അറേബ്യ നൽകുന്നു.
അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ നഗ്നമായ ഇടപെടലുകളിലൂടെ ഇറാൻ നടത്തുന്നത് ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഏറ്റവും കൊടിയ രൂപങ്ങളാണ്. റെവല്യൂഷനറി ഗാർഡ് മിലീഷ്യകൾ വഴി ഇറാഖിലും സിറിയയിലും ലെബനോനിലും യെമനിലും ഇറാൻ ഇടപെടുകയാണ്. ഇറാൻ ഇടപെടലുകൾ ചെറുക്കുന്നതിന് മുഴുവൻ അറബ് രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകി യെമന്റെ അഖണ്ഡതയും പരമാധികാരവും സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്.
സിറിയയിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതും വിദേശ ഇടപെടൽ തടയുന്നതും രാജ്യം വെട്ടിമുറിക്കുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതും ഉറപ്പുവരുത്തുന്ന നിലക്ക് സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് സിറിയൻ ഭരണകൂടവുമായി ചർച്ചകൾ നടത്തുന്നതിന് സാധിക്കുന്നതിന് സിറിയൻ പ്രതിപക്ഷ കക്ഷികളുടെ നിലപാട് ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് സൗദി അറേബ്യ പ്രവർത്തിക്കുന്നത്. ഒന്നാമത് ജനീവ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും യു.എൻ രക്ഷാസമിതി 2254-ാം നമ്പർ പ്രമേയത്തിനും അനുസൃതമായി സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. ഏറ്റവും ഫലപ്രദമായി വെല്ലുവിളികൾ നേരിടുന്നതിനും പുതിയ മാറ്റങ്ങളുമായി ഒത്തുപോകുന്നതിനും സാധിക്കുന്നതിന് അറബ് ലീഗ് പരിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.