ശ്രീനഗര്‍- ഒരിക്കലും ചെയ്യാത്ത കുറ്റത്തിന് 16 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഗുല്‍സാര്‍ അഹമ്മദ് വാനി വീടണഞ്ഞപ്പോള്‍ കുടുംബത്തിനു മാത്രമല്ല, കണ്ടുനിന്ന ആര്‍ക്കും കരച്ചിലടക്കാനായില്ല. 2000-ല്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ട സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലിലടച്ച 42 കാരനെ ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.
അലീഗഢ് മുസ് ലിം സര്‍വകലാശാലായില്‍ പി.എച്ച്ഡി ചെയ്യുമ്പോള്‍ 2001-ലാണ് ഗുല്‍സാറിനെ ദല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ പിടികൂടി സ്‌ഫോടനക്കേസില്‍ പ്രതിയാക്കിയത്.
പഠനത്തിനായി സമര്‍പ്പിച്ചിരുന്ന കാലത്തെ സര്‍ട്ടിഫിക്കറ്റുകളിലേക്ക് ഗൃഹാതുരത്വത്തോടെ നോക്കി ഗുല്‍സാര്‍ പറഞ്ഞു: ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് ഞാന്‍ ശിക്ഷ ഏറ്റുവാങ്ങിയത്.
ദല്‍ഹിയില്‍ ആയുധങ്ങള്‍ പിടിച്ചുവെന്ന വ്യാജ കേസിന്റെ മറവിലാണ് 2001 ല്‍ എന്നെ പിടികൂടി പത്ത് ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചത്. പിന്നീട് മഹാരാഷ്ട്ര, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ വാറണ്ടുകളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു-ഗുല്‍സാര്‍ അഹ്്മദ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഗുല്‍സാറിന്റെ അറസ്റ്റിനുശേഷം കുടുംബം വലിയ പരീക്ഷണങ്ങളാണ് അതിജീവിച്ചു. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് പ്രായത്തിന്റെ അവശതക്കിടയിലും മകന്റെ മോചനം സാധ്യമാക്കുന്നതിന് കോടതികള്‍ കയറിയിറങ്ങി. ഗുല്‍സാര്‍ ജയിലിലിരക്കെയാണ് രണ്ട് സഹോദരിമാര്‍ വിവാഹിതരായത്.
വിവാഹങ്ങള്‍ സന്തോഷത്തിന്റെയും ആഘോഷത്തിന്റേയും വേളകള്‍ ആകേണ്ടതാണ്. പക്ഷേ ഞങ്ങള്‍ക്ക് അത് ദുഃഖവേളകളായിരുന്നു- ഗുല്‍സാറിന്റെ പിതാവ് ഗുലാം മുഹമ്മദ് വാനി പറഞ്ഞു.
കുടുംബം പരമാവധി അനുഭവിച്ചെങ്കിലും ഗുല്‍സാറിന് പുതിയ ജീവിതം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.