ബിഹാറിലെ മധേപുര മണ്ഡലത്തിൽ സ്ഥാനാർഥികൾ ഒന്നു തന്നെ. പാർട്ടി മാത്രം മാറും.
2014 ൽ ജനതാദൾ യുനൈറ്റഡ് സ്ഥാനാർഥിയായ ശരദ് യാദവിനെ രാഷ്ട്രീയ ജനതാദളിന്റെ പപ്പു യാദവാണ് തോൽപിച്ചത്. അഞ്ചു വർഷം പിന്നിടുമ്പോൾ ശരദ് യാദവ് ഒറ്റപ്പെട്ടു നിൽക്കുകയാണ്. ബി.ജെ.പിയുമായി നിതീഷ്‌കുമാർ കൈകോർത്തതോടെ ശരദ് യാദവ് പാർട്ടി വിട്ടു. ഇത്തവണ ആർ.ജെ.ഡിയുടെ പട്ടികയിലും ആർ.ജെ.ഡിയുടെ ചിഹ്നത്തിലുമാണ് അദ്ദേഹം മത്സരിക്കുന്നത്. തന്റെ ലോക്തന്ത്രിക് ജനതാദളിനെ ഇലക്ഷനു ശേഷം ആർ.ജെ.ഡിയിൽ ലയിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
പപ്പു യാദവും ഈ കാലയളവിൽ ആർ.ജെ.ഡിയോട് സലാം പറഞ്ഞു. ആർ.ജെ.ഡി നേതൃത്വവുമായി ഇടഞ്ഞതോടെ പപ്പു യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ജനഅധികാർ പാർടി (ലോക്താന്ത്രിക്) എന്ന പേരിൽ സ്വന്തം കക്ഷി രൂപീകരിച്ചു. ഇത്തവണ മഹാസഖ്യത്തിന്റെ ഭാഗമവാൻ അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. എന്നാൽ ശരദ് യാദവ് മധേപുരയിൽ നിന്ന് മത്സരിക്കുമെന്നു വന്നതോടെ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. 2014 ൽ പപ്പു യാദവും ഭാര്യ രഞ്ജിത് രഞ്ജനും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുപോളിൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു അവർ ജയിച്ചത്.
ഇത്തവണയും സുപോളിൽ രഞ്ജിത് രഞ്ജൻ മത്സരിക്കുന്നുണ്ട്. അവർക്കെതിരെ മണ്ഡലത്തിലെ ആർ.ജെ.ഡി പ്രവർത്തകർ സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിൽ മധേപുരയിലും സുപോളിലും മഹാസഖ്യത്തിന് റിബൽ സ്ഥാനാർഥികളെ നേരിടേണ്ടി വരും.
യാദവ സമുദായത്തിന് ഭൂരിപക്ഷമുള്ള മധേപുരയിൽ എൻ.ഡി.എ സ്ഥാനാർഥിയും യാദവനാണ്. ജനതാദൾ യുനൈറ്റഡിന്റെ ദിനേശ് ചന്ദ്ര യാദവ്.
ശരദ് യാദവ് ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെ.ഡി.യുവിന്റെ രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തെ ദേശീയ അധ്യക്ഷനായിരിക്കെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കുകയായിരുന്നു. രാജ്യസഭാ അംഗത്വം റദ്ദാക്കുകയും ചെയ്തു. നാലു തവണ അദ്ദേഹം മധേപുരയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1991 ലും 1996 ലും 1999 ലും 2009 ലും. 1998 ലും 2004 ലും ഇവിടെ ലാലു പ്രസാദ് യാദവിനോട് അദ്ദേഹം തോറ്റു. 2014 ൽ പപ്പു യാദവും ശരദ് യാദവിനെ തോൽപിച്ചു. 1957 ൽ ആചാര്യ കൃപലാനി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മധേപുര. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ശരദ് യാദവ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989 ൽ ഉത്തർപ്രദേശിലെ ബദൗനിൽ നിന്നും ജയിച്ചു.