ജിദ്ദ - മൂന്നു ആഭ്യന്തര സെക്ടറുകളിലേക്കുള്ള സർവീസുകൾ കൂടി പുതിയ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നു. നാളെ മുതൽ സൗദിയയുടെ മൂന്നു ആഭ്യന്തര സർവീസുകൾ കൂടി പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കും. പുതിയ എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ് ജിസാൻ, ശറൂറ, തായിഫ് സർവീസുകൾ ഇവിടേക്ക് മാറ്റുന്നത്. മൂന്നു സെക്ടറുകളിലേക്കും കൂടി പ്രതിവാരം 122 സർവീസുകളാണ് പുതിയ വിമാനത്താവളത്തിൽ നിന്ന് നടത്തുക. ഇതോടെ പുതിയ ജിദ്ദ എയർപോർട്ടിൽനിന്ന് സർവീസുകൾ നടത്തുന്ന ആഭ്യന്തര സെക്ടറുകളുടെ എണ്ണം പതിനാലായി ഉയരും.
ഏപ്രിൽ ഏഴു മുതൽ ബീശ, റഫ്ഹ, അൽജൗഫ്, ഹായിൽ, വാദി ദവാസിർ സർവീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ഈ അഞ്ചു നഗരങ്ങളിലേക്കും പ്രതിവാരം 82 സർവീസുകളാണ് ജിദ്ദയിൽ നിന്നുണ്ടാവുക. ഏപ്രിൽ 15 മുതൽ അബഹ സർവീസും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. പ്രതിവാരം 173 സർവീസുകളാണ് അബഹയിലേക്കുണ്ടാവുക. ഇതോടെ പുതിയ വിമാനത്താവളം വഴിയുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 583 ആയി ഉയരും. പുതിയ വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാന കമ്പനികൾക്ക് 220 കൗണ്ടറുകളുണ്ട്. ഇവക്കു പുറമെ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന 80 സെൽഫ് സർവീസ് ഉപകരണങ്ങളും എയർപോർട്ടിലുണ്ട്.