ഇരുണ്ട ദിനം ന്യൂസിലാന്‍ഡ് അനുസ്മരിച്ചു; പ്രാര്‍ഥനയോടെ, പ്രതീക്ഷയോടെ
ക്രൈസ്റ്റ്ചര്‍ച്ച്- വംശീയ വെറിയന്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ആ കുറത്ത ദിനം അനുസ്മരിച്ചു. ഈ മാസം 15-ന് രണ്ട് പള്ളികളിലായി 50 പേര്‍ കൊല്ലപ്പെട്ട കിരാത സംഭവം അനുസ്മരിച്ചപ്പോള്‍ അത് ന്യൂസിലാന്‍ഡ് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും മുസ്്‌ലിം നേതാക്കളും ആക്രമണത്തില്‍ രക്ഷപ്പെട്ടവരും ദേശീയ അനുസ്മരണ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. 1970 കളില്‍ ഇസ്്‌ലാം സ്വീകരിച്ച പോപ്പ് ഗായകന്‍ കാറ്റ് സ്റ്റീവന്‍സ് എന്ന യൂസുഫ് ഇസ്്്‌ലാം ചടങ്ങില്‍ ശ്രദ്ധേയ സാന്നിധ്യമായി. കനത്ത സുരക്ഷയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്‌ലെ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 20,000 ലേറെ പേര്‍ സംബന്ധിച്ചു.
40 പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ പള്ളിക്കു സമീപമാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ പാര്‍ക്ക്. ന്യൂസിലാന്‍ഡ് ഉത്തരവാദിത്തം നിറവേറ്റുമെന്നും വെറുപ്പിനും വിദ്വേഷത്തിനും ചികിത്സ കണ്ടെത്തുമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കളോടായി പറഞ്ഞു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കാനെത്തി.
അക്രമിയെ കുറിച്ച് തന്റെ മനസ്സില്‍ ഒട്ടും പകയില്ലെന്നും തോക്കുധാരിക്ക് താന്‍ പൊറുത്തു കൊടുത്തിരിക്കുന്നുവെന്നും സമാധാനം നാം കൈവിടരുതെന്നും തോക്കിന്‍ മുനിയില്‍നിന്ന് രക്ഷപ്പെട്ട ഫരീദ് അഹമ്മദ് പറഞ്ഞു. വെടിവെപ്പില്‍ ഫരീദ് അഹമ്മദിന്റെ ഭാര്യ ഹുസ്‌ന കൊല്ലപ്പെട്ടിരുന്നു.
അഗ്‌നിപര്‍വതം പോലെ തന്റെ ഹൃദയം തിളക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പകയും വിദ്വേഷവുമില്ല. സ്‌നേഹവും കരുണയുമുള്ള ഒരു മനസ് നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത് -ഫരീദ് അഹമ്മദിന്റെ വാക്കുകള്‍ സദസ്സ് കരഘോഷത്തോടെ വരവേറ്റു.
ഭീകരാക്രമണം രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇവിടെയുള്ളവര്‍ക്ക് ആ വെടിയൊച്ചകള്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കയാണ്. ഒരുമിച്ച് നമസ്‌കരിക്കാനെത്തിയവരുടെ മുഖങ്ങള്‍ മറക്കാനാകുന്നില്ല.
അനുസ്്മരണ പരിപാടിയില്‍ ഇന്നലേയും വിവിധ മതക്കാര്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് എത്തിയത്. മുസ്്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ന്യൂസിലാന്‍ഡിന്റെ ദുഃഖം പ്രകടിപ്പിക്കുന്നതില്‍ തങ്ങളുടെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ കാണിച്ച മാതൃകയില്‍ അഭിമാനിക്കുന്നുവെന്ന് ചടങ്ങിനെത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞു.
പീസ് ട്രെയിന്‍, ഡോണ്‍ട് ബി ഷൈ ഗാനങ്ങള്‍ ആലപിച്ച് ബ്രിട്ടീഷ് ഗായകന്‍ കാറ്റ് സ്റ്റീവന്‍സ് സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. ജനങ്ങള്‍ കരഞ്ഞുകൊണ്ടാണ് ന്യൂസിലാന്‍ഡ് ദേശീയ ഗാനം ആലപിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. അവരുടെ മുഴുവന്‍ പേരുകളും വായിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരി ഉള്‍പ്പെടെ 22 പേര്‍ ആശുപത്രികളില്‍ സുഖം പ്രാപിച്ചു വരികയാണ്.
മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയവരും മരിച്ചവരില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ ഇരുണ്ട ദിനങ്ങളിലൊന്നായാണ് ഭീകരാക്രമണം നടന്ന മാര്‍ച്ച് 15 നെ പ്രധാനമന്തി ജസീന്ത ആര്‍ഡേന്‍ വിശേഷിപ്പിച്ചത്.