കാന്‍ബെറ- വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തുനിഞ്ഞ പ്രതിരോധ മന്ത്രി ക്രിസ്റ്റഫര്‍ പൈനിനെ ഓസ്‌ട്രേലിയന്‍ സൈനിക മേധാവി ആംഗസ് കാമ്പെല്‍ തടഞ്ഞു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് ഉണര്‍ത്തിക്കൊണ്ടായിരുന്നു സൈനിക മേധാവിയുടെ അപ്രതീക്ഷത ഇടപെടല്‍. നിലവിലെ എയര്‍ മാര്‍ഷല്‍ ലിയോ ഡേവീസിന്റെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ, പുതിയ വ്യോമസേനാ എയര്‍ മാര്‍ഷലിന്റെ പേരു പ്രഖ്യാപിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നത്.
പത്രസമ്മേളനം ആരംഭിച്ചയുടന്‍ ഡേവീസിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു. തടര്‍ന്ന് ചോദ്യങ്ങള്‍ സൈനികേതര കാര്യങ്ങളിലേക്ക് നീണ്ടു. ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ സൈനിക മേധാവി പ്രതിരോധ മന്ത്രിയുടെ സമീപമെത്തി ചുമലില്‍ തട്ടി വിളിക്കുകയായിരുന്നു. ഞെട്ടിത്തിരിഞ്ഞുനോക്കിയ മന്ത്രിയോട് സ്വകാര്യമായാണ് പറഞ്ഞതെങ്കിലും കാര്യം വ്യക്തമായിരുന്നു. ക്ഷമിക്കണം, സൈനിക ഉദ്യാഗസ്ഥര്‍ അടുത്തുനില്‍ക്കുമ്പോള്‍ താങ്കള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുത്.
മറുവാക്കുകള്‍ക്കൊന്നും നില്‍ക്കാതെ മന്ത്രി സൈനിക മേധാവിയുടെ വാക്കുകള്‍ അനുസരിച്ചു. സൈനിക മേധാവി മന്ത്രിയുടെ സമീപത്തുനിന്ന് മറ്റു സൈനിക ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തു.