ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഭിന്നലിംഗ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് മണ്ഡലത്തില്‍ സാമൂഹിക പ്രവര്‍ത്തക ചിര്‍പി ഭവാനി സ്ഥാനാര്‍ഥിയാകും. ദല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ചിര്‍പി.
എല്ലാ ശബ്ദങ്ങളും കേള്‍ക്കപ്പെടേണ്ടതാണെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. ബി.ജെ.പി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്ത യാചകരായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് ചിര്‍പി ഭവാനി പ്രതികരിച്ചു. ഭിന്നലിംഗക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ ധാരാളം അനുഭവിച്ചു. എന്നാല്‍ അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ടു- ചിര്‍പി ഭവാനി പറഞ്ഞു. ആരും തിരിഞ്ഞുനോക്കാനില്ലത്തപ്പോഴാണ് എഎപി ഞങ്ങളോടൊപ്പം നിലകൊണ്ടത്. യഥാര്‍ഥത്തിലുള്ള പുരോഗമന പാര്‍ട്ടിയാണ് എ.എ.പി- ചിര്‍പി കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്‌ജെന്‍ഡറുകളെ അവകാശ സംരക്ഷണമെന്ന പേരില്‍ ബി.ജെ.പി കൊണ്ടുവന്ന ബില്‍ അവരെ അവഹേളിക്കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് എഎപിക്ക് അങ്ങേയറ്റത്തെ ആദരവാണുള്ളത്. അതു തെളിയിക്കുകയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ അലിഗഞ്ച് മണ്ഡലത്തില്‍ അജീത് സോങ്കറും സംഭാലില്‍ അഞ്ജു സെയ്‌നിയും കാണ്‍പുര്‍ ദെഹാത്തില്‍ അശുതോഷ് ഭര്‍ചാരിയും ആംആദ്മി ടിക്കറ്റില്‍ മത്സരിക്കും.