ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ക്കും കുറവില്ല. ഇപ്പോള്‍ പുറത്തു വരുന്നത് ഉത്തര്‍പ്രദേശിലെ ഇറ്റാവ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രാം ശങ്കര്‍ കതേരിയയുടെ പ്രസ്താവനയാണ്. വിരലുയര്‍ത്തിയാല്‍ ആ വിരലുകള്‍ ഒടിക്കുമെന്നാണ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന.
ഇന്ന് സംസ്ഥാനത്തും, രാജ്യത്തും നമ്മുടെ സര്‍ക്കാരാണ് ഭരിക്കുന്നത്. പാര്‍ട്ടിയ്ക്ക് നേരെയോയേ, പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയോ വിരലുയര്‍ത്തിയാല്‍, ആ വിരലുകള്‍ ഒടിക്കും, ഇതായിരുന്നു സ്ഥാനാര്‍ഥിയുടെ ഭീഷണിപ്പെടുത്തുന്ന പ്രഖ്യാപനം. പട്ടികജാതി ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍കൂടിയാണ് ബിജെപി സ്ഥാനാര്‍ഥികൂടിയായ ഇദ്ദേഹം.
എന്തായാലും സ്ഥാനാര്‍ഥിയുടെ പ്രസ്താവന വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാം ശങ്കര്‍ കതേരിയ വിജയിച്ച മണ്ഡലമായ ആഗ്രയില്‍ അദ്ദേഹത്തിന് ഇത്തവണ ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരമായി ലഭിച്ച മണ്ഡലമാണ് ഇറ്റാവ. ഉത്തര്‍ പ്രദേശിലെ മന്ത്രി കൂടിയായ എസ് പി സിംഗ് ബഘായേല്‍ ആണ് ആഗ്രയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി.