ന്യൂദൽഹി- ബീഹാറിലെ ബെഗുസരായിയിൽ മത്സരിക്കുന്ന ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ ദേശീയ കൗൺസിൽ അഗവുമായ കനയ്യ കുമാറിന് ക്രൗഡ് ഫണ്ടിംഗിലൂടെ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 32 ലക്ഷം രൂപ. കനയ്യ കുമാറിന് പിന്തുണ നൽകി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് മുന്നോട്ടുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ കഴിയുന്ന പരമാവധി തുകയായ 70 ലക്ഷം രൂപയും ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനാണ് കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ തീരുമാനം.
അതിനിടെ, ക്രൗഡ് ഫണ്ടിംഗിനുവേണ്ടി ഉണ്ടാക്കിയ വെബ്‌സൈറ്റ് പല തവണ തകരാറിലായി. വെബ്‌സൈറ്റ് തകർക്കാൻ എതിരാളികൾ നിരന്തരം ശ്രമിക്കുകയാണെന്നാണ് ആരോപണം. ബെഗുസരായിയിലെ ജനങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നില്ലെങ്കിലും സംഭാവന നൽകാൻ തയ്യാറായി ആയിരക്കണക്കിന് പ്രദേശവാസികൾ മുന്നോട്ടുവന്നു. കനയ്യയ്ക്ക് സംഭാവന ചെയ്യാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്ന് അറിയിച്ച് ആയിരക്കണക്കിന് ആളുകൾ തങ്ങളെ സമീപിച്ചതായി കനയ്യയ്ക്കു വേണ്ടി പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.എസ്.എഫ് പ്രവർത്തകർ പറയുന്നു.
പ്രമുഖ ദളിത് നേതാവും ഗുജറാത്തിലെ എം.എൽ.എയുമായ ജിഗ്‌നേഷ് മെവാനി ദിവസങ്ങളായി ബെഗുസരായിയിൽ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നൽകുന്നുണ്ട്. പട്ടീദാർ സമരനേതാവ് ഹാർദ്ദിക് പട്ടേലും കനയ്യയ്ക്കു വേണ്ടി പ്രചരണത്തിനെത്തും. ബുദ്ധിജീവികൾ, സിനിമാനാടക പ്രവർത്തകർ, എഴുത്തുകാർ, ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാക്കൾ, സർവ്വകലാശാലയിലെ മുൻ അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കനയ്യയ്ക്കുവേണ്ടി പ്രചരണത്തിന് എത്തുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മിയും അവരുടെ ഭർത്താവും പ്രമുഖ എഴുത്തുകാരനുമായ ജാവേദ് അക്തറും ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർദ്ധനും പ്രചരണങ്ങൾക്ക് നേതൃത്വം നൽകാൻ അടുത്ത ദിവസങ്ങളിലെത്തും. ഏപ്രിൽ 29 നാണ് ബെഗുസരായിയിൽ തെരഞ്ഞെടുപ്പ്.