വാഷിംഗ്ടണ്‍- എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 157 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോയിംഗ് കമ്പനിക്കെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തു. ബോയിംഗ് കമ്പനി നിര്‍മിച്ച മാക്‌സ് 737 വിമാനമാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്നത്. ഈ മാസം 10 നുണ്ടായ ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു.
അപകടത്തില്‍ മരിച്ച റുവാണ്ട പൗരന്‍ ജാക്‌സണ്‍ മുസോണിയുടെ കുടുംബമാണ് ഷിക്കാഗോയിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 737 മാക്‌സ് വിമാനം നിര്‍മിക്കുന്ന ബോയിംഗ് കമ്പനി അപാകതകളോടെ നിര്‍മിച്ച ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് അപകട കാരണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേസിനെ കുറിച്ച് ബോയിംഗ് കമ്പനി പ്രതികരിച്ചിട്ടില്ല.
ലഭ്യമായ വിവരങ്ങളെ കുറിച്ച് അധികൃതരോടൊപ്പം വിലയിരുത്തി വരികയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നുമാണ് ബോയിംഗ് കമ്പനി വ്യക്തമാക്കിയത്.
എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാന ദുരന്തത്തിനുശേഷം ലോകത്തെമ്പാടും 737 മാക്‌സ് വിമാനം റദ്ദാക്കിയിരിക്കയാണ്. എത്യോപ്യന്‍ ദുരന്തത്തിനു അഞ്ച് മാസം മുമ്പ് ഇന്തോനേഷ്യയില്‍ 189 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിലും മാക്‌സ് വിമാനമായിരുന്നു വില്ലന്‍.
റുവാണ്ടന്‍ പൗരന്‍ മുസോനിയുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളാണ് കോടതിയെ സമീപിച്ചത്. ഇവര്‍ ബെല്‍ജിയത്തില്‍ താമസിക്കുന്ന് ഡെച്ച് പൗരന്മാരാണ്. സെന്‍സറുകളിലെ തകരാറിനെ കുറിച്ച് പൊതു ജനങ്ങളെയോ വിമാന കമ്പനികളെയോ പൈലറ്റുമാരെയോ അറിയിക്കുന്നതില്‍ ബോയിംഗ് കമ്പനി പരാജയപ്പെട്ടുവെന്ന് ഹരജിയില്‍ പറയുന്നു. സെന്‍സറുകളിലെ തകരാര്‍ കാരണം നിയന്ത്രണാതീതമായി വിമാനം കൂപ്പുകുത്തുകയായിരുന്നു.