ക്വാല ലംപുര്‍- അവിഹിത ലൈംഗിക ബന്ധത്തിനും സ്വവര്‍ഗ രതിക്കും ബ്രൂണെയില്‍ അടുത്തയാഴ്ച മുതല്‍ വധശിക്ഷ നടപ്പിലാക്കിത്തുടങ്ങുമെന്ന് സര്‍ക്കാര്‍. ശരീഅ നിയമ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലും. വിമര്‍ശനങ്ങളെ തുടര്‍ന്ന് നാലു വര്‍ഷമായി നടപ്പിലാക്കാതെ മാറ്റി വച്ചതായിരുന്നു ഈ നിയമം. മോഷണത്തിന് കയ്യും കാലും വെട്ടാനും അടുത്ത ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പീനല്‍ കോഡ് നിര്‍ദേശിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗം നേരത്തെ തന്നെ ബ്രൂണെയില്‍ നിയമവിരുദ്ധമാണ്. ഇപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കി മാറ്റി. ഈ നിയമം മുസ്ലിംകള്‍ക്കു മാത്രമെ ബാധകമാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ ശരീഅ നിയമങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഏപ്രില്‍ മൂന്നിന്് ബ്രൂണെ ഭരണാധികാരി സുല്‍ത്താന്‍ ഹസനല്‍ ബോല്‍കിയ ഒരു പ്രഖ്യാപനം നടത്തുമെന്ന് മതകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ നിയമങ്ങള്‍ എന്നു മുതലാണ് നടപ്പിലാക്കുക എന്നത് ഈ പ്രഖ്യാപനത്തിനു ശേഷമെ അറിയാന്‍ കഴിയൂവെന്നും വക്താവ് പറഞ്ഞു.