ഛണ്ഡീഗഢ്- 68 പേരുടെ മരണത്തിനിടയാക്കിയ 2007-ലെ ദല്‍ഹി-ലാഹോര്‍ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ പ്രതികളായ ഹിന്ദുത്വവാദികളും സംഘപരിവാര്‍ ബന്ധവുമുള്ള സ്വാമി അസിമാനന്ദയടക്കം ഒമ്പതു പ്രതികള്‍ മതിയായ തെളിവുകളില്ലാത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാതെ പോയതില്‍ കോടതിക്ക് ഖേദവും അമര്‍ഷവും. അസിമാനന്ദ ഉള്‍പ്പെടെ നാലു പ്രതികളെ മാര്‍ച്ച് 20-ന് കോടതി വെറുതെ വിട്ടിരുന്നു. ഇന്നു പുറത്തു വന്ന ഈ വിധി പ്രസ്താവനത്തിലാണ് കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചകളും തെളിവുകള്‍ ദുര്‍ബലപ്പെടുത്തിയതിലും സ്‌പെഷ്യല്‍ ജഡ്ജി ജഗദീപ് സിങ് കടുത്ത ഖേദം രേഖപ്പെടുത്തിയിട്ടുള്ളത്. 2007 ഫെബ്രുവരി 18നാണ് പഞ്ചാബിലെ പാനിപ്പത്തിനു സമീപം അര്‍ദ്ധ രാത്രിയില്‍ സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം ഉണ്ടായത്. രണ്ടു ബോഗികള്‍ തകര്‍ന്ന് കൊല്ലപ്പെട്ട 68 പേരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ പരൗന്മാര്‍ ആയിരുന്നു.
നാലു വര്‍ഷത്തിനു ശേഷമാണ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അസിമാനന്ദ ഉല്‍പ്പെടെ എട്ടു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗുജറാത്തിലെ അക്ഷര്‍ധാം, ജമ്മുവിലെ രഘുനാഥ് മന്ദിര്‍, വാരാണസിയിലെ സങ്കത് മോചന്‍ മന്ദിര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പ്രതികാരമായാണ് സംഝോത സ്‌ഫോടനം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ടായിരുന്നു. കേസില്‍ നാലു പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. ഒരു പ്രതി നേരത്തെ മരണപ്പെട്ടിരുന്നു. മറ്റു മൂന്നു പേരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.
ഒരു അതിക്രൂര കൃത്യത്തിന് മതിയായതും വിശ്വസനീയവുമായ തെളിവുകളില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതില്‍ ആഴത്തിലുള്ള വേദനയോടെയും അമര്‍ഷത്തോടെയുമാണ് ഈ വിധി പ്രസ്താവം ഉപസംഹരിക്കുന്നതെന്ന് ജഡ്ജി രേഖപ്പെടുത്തി. ദുര്‍ബലവും പഴുതുകളുള്ളതുമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതിന് വിധിയില്‍ ജഡ്ജി പ്രോസിക്യൂഷനേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
മുസ്ലിം ഭീകരത, ഹിന്ദു മതമൗലികവാദം തുടങ്ങി പദപ്രയോഗങ്ങള്‍ ഉപയോഗിച്ചതിന് അന്വേഷണ ഏജന്‍സികളേയും ജഡ്ജി വിമര്‍ശിച്ചു. ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാക്കുകയും ക്രിമിനല്‍ കുറ്റകൃത്യങ്ങളെ പ്രത്യേക മത, ജാതി അല്ലെങ്കില്‍ സമുദായവുമായി ബന്ധപ്പെടുത്തി ബ്രാന്‍ഡ് ചെയ്യുന്ന ഒരു ദുഷ്പ്രവണത അന്വേഷണ ഏജന്‍സികളിലുണ്ടെന്ന് പൊതുവെ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. കുറ്റവാളികളെ അവരുള്‍പ്പെടുന്ന ഒരുപ്രത്യേക മതത്തിന്റേയോ ജാതിയുടെയോ പ്രതിനിധികളായി ഉയര്‍ത്തിക്കാട്ടരുതെന്നും ഇത്തരം മുദ്രണങ്ങള്‍ നിതീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഈ കേസിലെ നിരവധി സാക്ഷികള്‍ കൂറുമാറിയതും കോടതി എടുത്തു പറഞ്ഞു. സാക്ഷികളെ സംരക്ഷിക്കാന്‍ ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടുന്നു.