Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ മക്കൾ രാഷ്ട്രീയം


മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ പലയിടങ്ങളിലും രാഷ്ട്രീയ കുടുംബങ്ങളാണ് പടക്കിറങ്ങുന്നത്. ഇവരിലേറെയും പെൺമക്കളാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. മക്കൾ രാഷ്ട്രീയക്കാർ മുംബൈ നോർത് സെൻട്രലിൽ നേരിട്ട് ഏറ്റുമുട്ടുന്നു. വാജ്‌പേയി ഗവൺമെന്റിൽ സൂപ്പർ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജനെ നേരിടുന്നത് മുൻ കേന്ദ്ര മന്ത്രി സുനിൽദത്തിന്റെ മകൾ പ്രിയ സുനിൽദത്താണ്. 
2014 ലും ഇവർ തമ്മിൽ തന്നെയായിരുന്നു പോരാട്ടം. പൂനം മഹാജൻ 1.86 ലക്ഷം വോട്ടിന് ജയിച്ചു. 2009 ൽ മഹേഷ് രാം ജെത്മലാനിയെ പ്രിയ ദത്ത് ഒന്നേ മുക്കാൽ ലക്ഷം വോട്ടിന് തോൽപിച്ചു.
ശരത് പവാറിന്റെ മകൾ സുപ്രിയ സൂലെ (ബാരാമതി, എൻ.സി.പി), മുൻ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രിതം മുണ്ടെ (ബീദ്, ബി.ജെ.പി) എന്നിവരും ഇത്തവണ രംഗത്തുണ്ട്. സീനിയർ നേതാവ് മുരളി ദേവ്‌റയുടെ പുത്രൻ മിലിന്ദ് ദേവ്‌റ ഇത്തവണ മത്സരിക്കുന്നില്ല. മുംബൈ കോൺഗ്രസ് പ്രസിഡന്റായി നിയമിതനായിരിക്കുകയാണ് മിലിന്ദ്. മുൻ മുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർഥ് പവാർ (മാവൽ, എൻ.സി.പി) ഇത്തവണ കന്നിയങ്കം കുറിക്കുന്നു.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്ന് വീണ്ടും മത്സരിക്കുകയാണ്. കോൺഗ്രസിന്റെ നാനാഭാവു പടോലെയാണ് ആർ.എസ്.എസിന്റെ തട്ടകത്തിൽ അവരുടെ മാനസപുത്രനായ ഗഡ്കരിയെ നേരിടുന്നത്. കഴിഞ്ഞ തവണ സീനിയർ കോൺഗ്രസ് നേതാവ് വിലാസ് മുത്തംവാറിനെ മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഗഡ്കരി തോൽപിച്ചിരുന്നു. പടോലെ 2014 ൽ ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചയാളാണ്. മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഒന്നര വർഷം മുമ്പ് ബി.ജെ.പി വിട്ടു. 
മുൻ കേന്ദ്ര മന്ത്രി സുശീൽകുമാർ ഷിണ്ഡെ (കോൺഗ്രസ്) മത്സരിക്കുന്ന ഷോലാപൂരാണ് മറ്റൊരു പ്രധാന മണ്ഡലം. ഡോ. ജയ്‌സിദ്ധേശ്വർ ശിവജയ മഹാരാജും (ബി.ജെ.പി) ബാബാസാഹെബ് അംബേദ്കറുടെ പൗത്രൻ പ്രകാശ് അംബേദ്കറും (വഞ്ചിത് ബഹുജൻ അഗാഡി) അണിനിരന്നതോടെ ശക്തമായ ത്രികോണപ്പോരാട്ടമാണ് ഇവിടെ അരങ്ങേറുക. 2014 ൽ ബി.ജെ.പിയുടെ ശരദ് ഭൻസോദെയോട് ഷിണ്ഡെ ഒന്നര ലക്ഷത്തോളം വോട്ടിന് തോൽക്കുകയായിരുന്നു. ത്രികോണപ്പോരാട്ടം മുൻ മുഖ്യമന്ത്രിയുടെ പാത കൂടുതൽ ദുഷ്‌കരമാക്കുകയാണ്.
മധയിൽ ശരത് പവാർ മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. അതോടെ സിറ്റിംഗ് എൻ.സി.പി എം.പി വിജയ് സിംഗ് മോഹിതെ പാട്ടീലിന്റെ മകൻ രഞ്ജിത് ബി.ജെ.പിയിലേക്ക് കൂറുമാറി. പവാർ പിന്നീട് പിന്മാറി. സഞ്ജയ് ഷിൻഡെയാണ് എൻ.സി.പി ടിക്കറ്റിൽ അവിടെ നിന്ന് മത്സരിക്കുക. മഹാരാഷ്ട്രാ നിയമസഭയിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകനെയാണ് അഹ്മദ് നഗറിൽ ബി.ജെ.പി നിർത്തിയിരിക്കുന്നത്. ഈയിടെയാണ് രാധാകൃഷ്ണ വിഖെ പാട്ടീൽ കോൺഗ്രസിൽ നിന്ന് കൂറു മാറി എത്തിയത്. എൻ.സി.പിയുടെ സൻഗ്രാം ജഗ്താപാണ് എതിർ സ്ഥാനാർഥി. സിറ്റിംഗ് ബി.ജെ.പി എം.പി ദിലീപ് ഗാന്ധിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മകൻ സ്വതന്ത്രനായി ജനവിധി തേടുന്നുണ്ട്. 
എൻ.സി.പി നേതാവ് അജിത് പവാറിന്റെ മകൻ പാർഥ് പവാർ മാവലിൽ എൻ.സി.പി സ്ഥാനാർഥിയാണ്. തിരശ്ശീലയിൽ ഛത്രപ്രതി ശിവജിയുടെയും ഛത്രപതി സാംഭാജിയുടെയും വേഷമിട്ടിട്ടുള്ള നടൻ അമോൽ ഖോലെ ഷിരൂരിൽ എൻ.സി.പി സ്ഥാനാർഥിയായി മത്സരിക്കുന്നു. ഏപ്രിൽ 11 മുതൽ ഏപ്രിൽ 29 വരെ നാല് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ ഇലക്ഷൻ. 
 

Latest News