ജിദ്ദ- കേരളത്തിലേക്ക് അറബ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്‌സ് (ആറ്റോ) ജിദ്ദ ലേ മെറിഡിയൻ ഹോട്ടലിൽ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. കൊച്ചി, കുമരകം, കുമളി, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റാർ ഹോട്ടൽസ്, ആയുർവേദ ആശുപത്രി, സുഖചികിത്സാ കേന്ദ്രങ്ങളുടെ പ്രതിനിധികളും അറബ് ടൂർ ഓപ്പേറേറ്റർമാരുമടക്കം കേരളത്തിൽനിന്ന് 25 ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികൾ റോഡ് ഷോയിൽ പങ്കാളികളായി. സ്ത്രീകളടക്കം അറബ് വിനോദ സഞ്ചാരികളും ജിദ്ദയിലെ ടൂർ ഓപ്പറേറ്റർമാരുമടക്കം ഇരുനൂറിലേറെ പേർ പരിപാടിയിൽ സംബന്ധിച്ചു.
വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കേരളത്തിലെ സൗകര്യങ്ങളും അവരുടെ ഉൽപന്നങ്ങളും റോഡ് ഷോയിലെത്തിയവരെ പരിചയപ്പെടുത്തി.
അബ്ദുൽ റഹ്മാൻ അൽ യാമി ചെയർമാനായുള്ള ജിദ്ദയിലെ വദക് ഇന്റർനാഷണൽ കമ്പനിയുടെ സഹകരണത്തോടു കൂടിയാണ് ആറ്റോ റോഡ് ഷോ സംഘടിപ്പിച്ചത്.
വൈസ് കോൺസൽ സഞ്ജയ് കുമാർ ശർമ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകനായ ഡോ. ടി.എം.എ റഊഫ്, സൗദി ബിസിനസ് നെറ്റ്‌വർക് (എസ്.ഐ.ബി.എൻ) ജനറൽ സെക്രട്ടറി ഗസൻഫർ അലി സാക്കി എന്നിവർ ആശംസകൾ നേർന്നു.
ആറ്റോ പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ മണ്ണഞ്ചേരി, ട്രഷറർ മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആറ്റോ മുൻ പ്രസിഡന്റ് റഷീദ് കക്കാട്ട് അവതാരകനായിരുന്നു. മുഹമ്മദ് ബാബ കേരളത്തെക്കുറിച്ചുള്ള പ്രസന്റേഷൻ അവതരിപ്പിച്ചു. അബ്ദുറഹ്മാൻ അൽ യാമി, ആറ്റോ എക്‌സിക്യൂട്ടീവ് അംഗവും മിഡിൽ ഈസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ നാസർ വെളിയങ്കോട്, ടി.എം.എ റഊഫ്, സാക്കി എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. ആറ്റോ അംഗങ്ങളായ അൻവർ സാദത്ത്, മുഹമ്മദ് അൻസാരി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അനീസ് നന്ദി പറഞ്ഞു.