അല്‍ബാഹ - ട്രാഫിക് പോലീസില്‍ വൈകാതെ വനിതകളെ നിയമിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളില്‍ നിയമിക്കുന്നതിന് സൗദി വനിതകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരു വിഭാഗത്തെ ട്രാഫിക് പോലീസില്‍ നിയമിക്കും. അവശേഷിക്കുന്നവരെ പട്രോള്‍ പോലീസിലും ഹൈവേ പോലീസിലും നിയമിക്കും.
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. വനിതകളില്‍ നിന്ന് വര്‍ധിച്ചുവരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യം നിറവേറ്റുന്നതിന് ട്രാഫിക് ഡയറക്ടറേറ്റിന് സാധിക്കും. അല്‍ബാഹ, ഹായില്‍, അല്‍ഖസീം, നജ്റാന് എന്നിവിടങ്ങളില്‍ വൈകാതെ ലേഡീസ് ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങും. മറ്റു പ്രവിശ്യകളിലും വനിതകളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകള്‍ വലിയ തോതില്‍ ലഭിക്കുന്നുണ്ട്. റിയാദ് പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റി ലേഡീസ് ഡ്രൈവിംഗ് സ്കൂള്‍ വഴി പ്രതിദിനം 170 മുതല്‍ 190 വരെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നുണ്ട്. അല്‍ഹസയില്‍ ലേഡീസ് ഡ്രൈവിംഗ് സ്കൂള്‍ സ്ഥാപിക്കുന്നതിന് സൗദി അറാംകൊ കമ്പനിയുമായി ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.