Sorry, you need to enable JavaScript to visit this website.

അദ്വാനി, എം.എം ജോഷി ചിത്രങ്ങളോടെ  ബി.ജെ.പി സൈറ്റ് തിരിച്ചെത്തി 

ന്യൂദല്‍ഹി: ബിജെപിയുടെ ഔദ്യാഗിക വെബ്‌സൈറ്റ് പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തി. രണ്ടാഴ്ചയോളം ഓഫ് ലൈന്‍ മോഡിലായിരുന്നതിന് ശേഷമാണ് സൈറ്റ് തിരിച്ചെത്തിയത്.  പാര്‍ട്ടി മുന്‍ അധ്യക്ഷ•ാരായ എല്‍.കെ അദ്വാനി. മുരളി മനോഹര്‍ ജോഷി തുടങ്ങിയവരുടെ ചിത്രങ്ങളും ബയോ ഡാറ്റയും ഹോം പേജില്‍ തന്നെ കൊടുത്തിരിക്കുന്നു. സൈറ്റില്‍ കയറുന്നവര്‍ക്ക് പരമാവധി വിവരങ്ങള്‍ ഹോം പേജില്‍ തന്നെ ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം എന്ന സന്ദേശത്തോടെയാണ് അത്യാധുനിക വെബ്‌സൈറ്റ് തുറക്കുന്നത്. ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന രീതിയിലാണ് സൈറ്റിന്റെ ഡിസൈന്‍.
മൊബൈലിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറുകളിലും ഉള്ളടക്കം നഷ്ടപ്പെടാതെ ഒരേ രീതിയില്‍ കാണാനാവുന്ന റെസ്‌പോണ്‍സീവ് ഡിസൈന്‍ ആണ് വെബ്‌സൈറ്റിനുള്ളത്. പാര്‍ട്ടിയുടെ ടൈം ലൈന്‍ കാണിക്കുന്ന ഭാഗം വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കാനും, വോളണ്ടിയര്‍ ആവാനും ഡൊണേഷനുകള്‍ നല്‍കാനും സൗകര്യവും വെബ്‌സൈറ്റിലുണ്ട്.
പഴയ വെബ്‌സൈറ്റില്‍ ഉള്ള എല്ലാ സൗകര്യങ്ങളും അതിനേക്കാള്‍ മികച്ച രീതിയില്‍ പുതിയ സൈറ്റിലുണ്ട്. ഇ-ലൈബ്രറി സൗകര്യവും സൈറ്റിലുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്നതിനായി പ്രത്യേക ഭാഗം സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സൈറ്റ് ലഭ്യമാണ്. അതേസമയം, പഴയ സൈറ്റ് മാറ്റി ഇത്രയും സൗകര്യങ്ങളൊരുക്കി പുതിയ സൈറ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും ദിവസം സൈറ്റ് ഓഫ് ലൈനായതെന്ന് ബിജെപി ഐടി സെല്‍ മേധാവി പറഞ്ഞു. സൈറ്റ് ഹാക്ക് ചെയ്തതിനാലല്ല ചില സാങ്കേതിക തകരാര്‍ മൂലമായിരുന്നു സൈറ്റ് ഓഫ് ലൈനില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

Latest News